കോടികളുടെ വിൽപന നടക്കുന്ന സംസ്ഥാനത്തെ സ്വർണാഭരണ വ്യാപാര മേഖലയുടെ നികുതി കണക്കുകൾ ലഭ്യമല്ലെന്ന് സംസ്ഥാന ചരക്കുസേവന നികുതി വകുപ്പ്. കേരളത്തിലെ സ്വർണാഭരണ വ്യാപാര മേഖലയിൽ 2022–23, 2023–24 സാമ്പത്തിക വർഷങ്ങളിലെ വിറ്റുവരവ് എത്രയാണെന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു മറുപടിയായാണ് സ്വർണവുമായി ബന്ധപ്പെട്ട പ്രത്യേക വിവരങ്ങൾ ലഭ്യമല്ലെന്ന് സംസ്ഥാന ചരക്കുസേവന നികുതി വകുപ്പ് അറിയിച്ചത്.
നിലവിലുള്ള ജിഎസ്ടി റിട്ടേൺ സംവിധാനപ്രകാരം കമ്മോഡിറ്റി മാപ്പിങ് ഇല്ല. അതിനാൽ വ്യാപാര മേഖലയിൽ നിന്നു പിരിഞ്ഞു കിട്ടിയ നികുതിയുടെയും വിറ്റുവരവിന്റെയും വിവരങ്ങൾ മേഖല തിരിച്ചു ലഭ്യമല്ലെന്നാണു ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അബ്ദുൽ നാസറിനു ലഭിച്ച വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നത് .ഈ വർഷങ്ങളിൽ സ്വർണ വ്യാപാര മേഖലയിൽ നിന്നു ലഭിച്ച നികുതി വരുമാനം എത്രയാണെന്ന ചോദ്യത്തിന് 2022 ഏപ്രിൽ 1 മുതൽ ഒക്ടോബർ 30 വരെ സ്വർണ വിൽപനയിലുള്ള എസ്ജിഎസ്ടി വരുമാനം 383 കോടി രൂപയാണെന്നും അതിനു ശേഷമുള്ള വിവരങ്ങൾ ലഭ്യമല്ലെന്നുമാണ് അറിയിച്ചിട്ടുള്ളത്.