ഹരിത ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകാൻ ഒരുങ്ങുകയാണ് സിയാൽ. ബിപിസിഎലിന്റെ സാങ്കേതിക സഹകരണത്തോടെയാണ് പ്ലാന്റ്.രാജ്യാന്തര വിമാനത്താവളത്തിൽ ഹരിത ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നതിന് കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാൽ) ഭാരത് പെട്രോളിയം കോർപറേഷനുമായി (ബിപിസിഎൽ) കരാർ ഒപ്പിട്ടു. സിയാലിന്റെ സൗരോർജ പ്ലാന്റുകളിൽ നിന്നുള്ള വൈദ്യുതോർജം ഉപയോഗിച്ചാണ് ഭാവിയുടെ ഇന്ധനമായ ഗ്രീൻ ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്നത്. ബിപിസിഎൽ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിച്ച്, സാങ്കേതിക സഹായം ലഭ്യമാക്കും. വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ സിയാൽ ലഭ്യമാക്കും. അടുത്ത വർഷം ആദ്യം പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ വിമാനത്താവളത്തിൽ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ഹൈഡ്രജൻ ഇന്ധനം ലഭ്യമാക്കും. ഇതിനായി പ്രത്യേക വാഹനങ്ങൾ വാങ്ങേണ്ടി വരും.
50 മെഗാവാട്ട് ശേഷിയുള്ള സോളർ, ജല വൈദ്യുത പദ്ധതികളിലൂടെ പ്രതിദിനം 2 ലക്ഷം യൂണിറ്റ് വൈദ്യുതി സിയാൽ ഉൽപാദിപ്പിക്കുന്നുണ്ട്. 1000 കിലോവാട്ട് ശേഷിയുള്ള ഹൈഡ്രജൻ ഇന്ധനം ഇതിനു പുറമേയാണ്.
മുഖ്യമന്ത്രിയും സിയാൽ ചെയർമാനുമായ പിണറായി വിജയൻ, മന്ത്രി പി.രാജീവ് എന്നിവരുടെ സാന്നിധ്യത്തിൽ സിയാൽ എംഡി എസ്.സുഹാസും ബിപിസിഎൽ സിഎംഡി ജി.കൃഷ്ണകുമാറും തിരുവനന്തപുരത്ത് കരാറുകൾ കൈമാറി.