സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ടൂറിസം ഇന്‍വസ്റ്റേഴ്സ് മീറ്റിൽ സംസ്‌ഥാനതിന് ലഭിച്ചത് 15116.65 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം.250 കോടി രൂപയുടെ ടൂറിസം പദ്ധതികള്‍ക്കുള്ള ധാരണാപത്രം താമര ലെഷര്‍ പ്രൈവറ്റ് ലിമിറ്റഡുമായി കേരള ടൂറിസം ഒപ്പു വച്ചു. ടൂറിസം നിക്ഷേപക സംഗമത്തിലെ നിര്‍ദ്ദേശങ്ങളും നിക്ഷേപ വാഗ്ദാനങ്ങള്‍ക്കുമുള്ള തുടര്‍നടപടികള്‍ കൈക്കൊള്ളുന്നതിനു വേണ്ടിയാണ് ഫെസിലിറ്റേഷന്‍ സെന്‍റര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
അഞ്ഞൂറോളം നിക്ഷേപകരും സംരംഭകരുമാണ് ടൂറിസം മേഖലയ്ക്ക് വേണ്ടി മാത്രമായി സംഘടിപ്പിച്ച നിക്ഷേപക സംഗമത്തില്‍ പങ്കെടുത്തത്. 46 സ്റ്റാര്‍ട്ടപ്പുകളും ഉത്തരവാദിത്ത ടൂറിസം മേഖലയില്‍ നിന്ന് 118 സംരംഭകരും സംഗമത്തിലെത്തി. സ്വകാര്യമേഖലയിലുള്ള 52 പദ്ധതികളും സര്‍ക്കാര്‍ മേഖലയില്‍ നിന്ന് 23 പദ്ധതികളും സംഗമത്തില്‍ അവതരിപ്പിച്ചു. ഇതിലൂടെയാണ് ആശാവഹമായ നിക്ഷേപ വാഗ്ദാനം ലഭിച്ചത്.സംരംഭങ്ങളുടെ അനുമതിക്ക് വേണ്ടി ടൂറിസം സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് സെക്രട്ടറിമാരുടെ ഏകോപനസമിതിയും പ്രവര്‍ത്തിക്കും. പദ്ധതികള്‍ക്ക് തടസ്സം നേരിട്ടാല്‍ ഏകോപനസമിതിയ്ക്ക് ഇടപെടാനാകും വിധമാകും ഇതിന്‍റെ പ്രവര്‍ത്തനം. ഇതോടൊപ്പം മന്ത്രി തലത്തില്‍ കൃത്യമായ ഇടവേളകളില്‍ യോഗങ്ങള്‍ ചേരുകയും അവലോകനം നടത്തുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
ടൂറിസം വകുപ്പ് അവതരിപ്പിച്ച 23 പദ്ധതികള്‍ക്ക് പുറമെ പങ്കാളിത്ത നിര്‍ദ്ദേശമായി 16 പദ്ധതികള്‍ കൂടി നിക്ഷേപക സംഗമത്തില്‍ ലഭിച്ചു. ഇത്തരത്തില്‍ 39 പദ്ധതികള്‍ക്കായി 2511.10 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു. സംഗമത്തില്‍ അവതരിപ്പിച്ച 52 സ്വകാര്യപദ്ധതികള്‍ക്ക് പുറമെ സ്വകാര്യമേഖലയിലെ 21 പദ്ധതികള്‍ക്കുള്ള നിക്ഷേപവാഗ്ദാനമായി 12605.55 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനവും ലഭിച്ചു.
ആലപ്പുഴയിലും കണ്ണൂരിലും ഹൗസ് ബോട്ട് ഹോട്ടല്‍ പദ്ധതികള്‍ക്കാണ് താമര ലെഷര്‍ പ്രൈവറ്റ് ലിമിറ്റഡുമായി ധാരണാപത്രം ഒപ്പു വച്ചത്. പൂര്‍ണമായും ഹരിതസൗഹൃദമായ നിര്‍മ്മാണം അവലംബിച്ചുള്ള ഹോട്ടല്‍ പദ്ധതിയാണിത്. കമ്പനി സിഇഒ ശ്രുതി ഷിബുലാല്‍, കേരള ടൂറിസം ഡയറക്ടര്‍ എസ് പ്രേംകൃഷ്ണന്‍ എന്നിവര്‍ ധാരണാപത്രം കൈമാറി. ടൂറിസം-പൊതുമരാമത്ത് സെക്രട്ടറി കെ ബിജു, ടൂറിസം ഡയറക്ടര്‍ എസ് പ്രേംകൃഷ്ണന്‍, കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്(കെടിഐഎല്‍) ചെയര്‍മാന്‍ എസ് കെ സജീഷ്, എംഡി മനോജ് കുമാര്‍ കെ തുടങ്ങിയവര്‍ സംബന്ധിച്ചു.