ജിയോ ഉപയോക്താക്കൾക്ക് 100 ജിബി വരെ സൗജന്യ സ്റ്റോറേജ് നൽകുന്ന എഐ ക്ലൗഡുമായി റിലയൻസ്. ചിത്രങ്ങൾ, വിഡിയോ, ഡിജിറ്റൽ ഡേറ്റ എന്നിവ സൂക്ഷിക്കാനും കാണാനും ജിയോ എഐ ക്ലൗഡു വഴി സാധിക്കും. നിർമിത ബുദ്ധി(എഐ), ക്ലൗഡ് സ്റ്റോറേജ് മേഖലയിൽ ആധിപത്യം ഉറപ്പിക്കാനുള്ള കമ്പനിയുടെ തയാറെടുപ്പിന്റെ ഭാഗമാണ് ജിയോ എഐ ക്ലൗഡ്.
ഈ വർഷം ദീപാവലിയോടെ ജിയോ എഐ ക്ലൗഡ് 100 ജിബിയുടെ വെൽക്കം ഓഫർ ആരംഭിക്കും.കൂടുതൽ സ്റ്റോറേജ് ആവശ്യമായവർക്ക് താങ്ങാവുന്ന നിരക്കിൽ ലഭ്യമാകുന്ന തരത്തിലാവും ജിയോ എഐ ക്ലൗഡ് അവതരിപ്പിക്കുക. നിലവിൽ, ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ഗൂഗിളിന്റെയും ആപ്പിളിന്റെയും ക്ലൗഡ് സ്‌റ്റോറേജ് ഉപയോഗിക്കുന്നുണ്ട്. എന്നാൽ അവരുടെ സൗജന്യ പ്ലാനുകളിൽ പരിമിതമായ ജിബി സ്റ്റോറേജ് മാത്രമാണ് ഉള്ളത്. ഗൂഗിളിന്റെ ക്ലൗഡ് സ്റ്റോറേജ് പ്ലാനുകൾ 100 ജിബി സ്റ്റോറേജിന് പ്രതിമാസം 130 രൂപയും ആപ്പിൾ 50 ജിബി ഐക്ലൗഡ് സ്റ്റോറേജിന് 75 രൂപയുമാണ് ഈടാക്കുന്നത്.
ഫോൺ കോളുകൾ റിക്കോർഡ് ചെയ്ത് ജിയോ ക്ലൗഡിൽ സൂക്ഷിക്കാവുന്ന ജിയോ ഫോൺ കോൾ എഐ സർവീസും റിലയൻസ് അവതരിപ്പിച്ചു. കോളുകളുടെ ആശയങ്ങൾ സംക്ഷിപ്തമാക്കി മറ്റ് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താനും ഇതിൽ സൗകര്യമുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ് വാർഷിക പൊതുയോഗത്തിലാണ് ചെയർമാൻ മുകേഷ് അംബാനി പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്.
ചിലർക്ക് മാത്രം ഉപയോഗിക്കാവുന്ന ആഡംബര സാങ്കേതിക വിദ്യയായി നിർമിത ബുദ്ധിയെ കാണുന്ന രീതി മാറുമെന്നും വില കൂടിയ ഉപകരണങ്ങൾക്ക് പുറമേ, എല്ലാവിധ ഉപകരണങ്ങളിലും എഐ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മുകേഷ് അംബാനി പറഞ്ഞു.