10 ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിന്റെ അനുമതി നിർബന്ധമാക്കി

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ട്രഷറിയിൽ 10 ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി നിർബന്ധമാക്കി. നേരത്തേ 25 ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾക്കായിരുന്നു നിയന്ത്രണം. എന്നാൽ ശമ്പള, പെൻഷൻ ബില്ലുകൾ പാസാക്കുന്നതിനു തടസ്സമില്ല.

25,000 കോടി ചെലവു പ്രതീക്ഷിക്കുന്ന അടുത്ത മാസം 10,000 കോടി മാത്രമാണു സർക്കാരിനു വരുമാനമായി ലഭിക്കാൻ സാധ്യത. പദ്ധതി ചെലവുകൾ പാതിവഴിയിലുമാണ്. ഇതിനിടെ ട്രഷറി നിയന്ത്രണം കൂടി വന്നതോടെ പദ്ധതി നടത്തിപ്പു കൂടുതൽ പ്രതിസന്ധിയിലാകും.

വിരമിക്കുന്ന ജീവനക്കാരുടെ പിഎഫ് വിതരണത്തെയും ട്രഷറി നിയന്ത്രണം ബാധിച്ചു തുടങ്ങിയെന്നാണു വിവരം. പെൻഷൻ ആകുന്നവരിൽ ഭൂരിഭാഗത്തിന്റെയും പിഎഫ് തുക 25 ലക്ഷത്തിനു മുകളിലായിരിക്കും. മാർച്ചിൽ അധ്യാപകരും മേയിൽ ജീവനക്കാരും കൂട്ടത്തോടെ വിരമിക്കും. എന്നാൽ പിഎഫ് ആനുകൂല്യം നൽകുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നു ട്രഷറിയിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *