ഹോട്ടലുകളുടെ നക്ഷത്ര പദവി, വേഗം നടപടിയെടുക്കുമെന്ന് ടൂറിസം മന്ത്രാലയം

രണ്ടു വർഷമായി കേരളത്തിൽ ഹോട്ടലുകളുടെ നക്ഷത്ര പദവിക്കുള്ള നൂറോളം അപേക്ഷകൾ കെട്ടിക്കിടക്കുന്നു. വിനോദസഞ്ചാര മേഖലയിൽ വൻ തുക മുതൽ മുടക്കി നിർമ്മിച്ച 4 സ്റ്റാർ, 5 സ്റ്റാർ വിഭാഗത്തിൽപെടുന്ന ഹോട്ടലുകളാണ് ക്ലാസിഫിക്കേഷൻ ലഭിക്കാതെ കാത്തിരിക്കുന്നത്. കോവിഡിനെ തുടർന്ന് കേന്ദ്ര ടൂറിസം വകുപ്പിൻറെ പരിശോധന മുടങ്ങിയതോടെയാണ് അപേക്ഷകൾ കെട്ടിക്കിടക്കാൻ തുടങ്ങിയത്. സംസ്ഥാന സർക്കാർ ഇടപെട്ട് നടപടികൾ വേഗത്തിലാക്കണമെന്നാണ് സംരംഭകരുടെ ആവശ്യം.


ഹോട്ടലുകൾ, ട്രാവൽ ഏജൻസികൾ, ടൂർ ഓപ്പറേറ്റർ, ഹോംസ്റ്റേ അടക്കമുള്ളവയ്ക്ക് അനുമതി നൽകേണ്ടതും അവയ്ക്ക് ക്ലാസ്സിഫിക്കേഷൻ നൽകേണ്ടതും കേന്ദ്ര ടൂറിസം മന്ത്രാലയമാണ്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിലെ ചെന്നൈ റീജനൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം പ്രത്യേക പരിശോധന നടത്തിയതിനുശേഷമാണ് 4, 5 നക്ഷത്ര ഹോട്ടലുകൾക്ക് ക്ലാസ്സിഫിക്കേഷൻ അനുവദിക്കേണ്ടത്.
സാധാരണയായി ഹോട്ടൽ ക്ലാസ്സിഫിക്കേഷനു വേണ്ടി അപേക്ഷ നൽകിയാൽ രണ്ടുമാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കി അനുമതി നൽകാറുണ്ട്. എന്നാൽ 2 വർഷം മുൻപു വരെ നൽകിയ അപേക്ഷകൾ ഇപ്പോഴും കെട്ടികിടക്കുന്നു.ക്ലാസിഫിക്കേഷൻ ലഭിച്ചില്ലെങ്കിൽ ബാർ ലൈസൻസ് അടക്കം ലഭിക്കില്ല. രാജ്യാന്തര യാത്രക്കാർ അടക്കമുള്ളവർ എത്തില്ല എന്നതാണ് മറ്റൊരു തിരിച്ചടി. ഹോട്ടലുകളുടെ നക്ഷത്ര പദവി അടക്കം പരിശോധിച്ചാണ് രാജ്യാന്തര യാത്രക്കാർ താമസസ്ഥലം തിരഞ്ഞെടുക്കുന്നത്. വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുമ്പോഴും നക്ഷത്ര പദവി വ്യക്തമാക്കിയെങ്കിലും പ്രയോജനമുള്ളൂ. കേരളത്തിൽ നക്ഷത്ര പദവി ബാർ ലൈസൻസുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ അപേക്ഷകളുടെ എണ്ണം വളരെ കൂടുതലാണ്.


കോവിഡും തുടർന്നുണ്ടായ ലോക് ഡൗൺ നിയന്ത്രണങ്ങളും മൂലമാണ് പരിശോധന വൈകിയതെന്നാണ് ടൂറിസം മന്ത്രാലയത്തിൻ്റെ വിശദീകരണം. നിയന്ത്രണങ്ങൾ നീക്കിയതോടെ റീജനൽ ഓഫീസുകളുടെ നേതൃത്വത്തിൽ പരിശോധനകൾ പുനരാരംഭിച്ചിട്ടുണ്ടെന്നും എത്രയും വേഗം അപേക്ഷകളിൽ നടപടിയെടുക്കുമെന്നും ടൂറിസം മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *