ഹോട്ടലുകളുടെ ഗൂഗിൾ ബിസിനസ് അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടൽ

കേരളത്തിലെ ഒട്ടേറെ ഹോട്ടലുകളുടെ ഗൂഗിൾ ബിസിനസ് അക്കൗണ്ട് ഹാക്ക് ചെയ്ത് വ്യാജ വെബ്സൈറ്റിലേക്ക് സഞ്ചാരികളെ നയിച്ച് പണം തട്ടിയ സംഘത്തെക്കുറിച്ച് സൈബർ പൊലീസ് അന്വേഷണം തുടങ്ങി. ഗൂഗിളിൽ റിപ്പോർട്ട് ചെയ്ത് വ്യാജ വെബ്സൈറ്റുകൾ നീക്കം ചെയ്തു.

പഞ്ചനക്ഷത്ര ഹോട്ടലുകളിലും റിസോർട്ടുകളിലും  ഈ തട്ടിപ്പ് അരങ്ങേറിയിട്ടുണ്ട്. അവധിക്കാലമായതിനാൽ സഞ്ചാരികൾ വ്യാപകമായി ഹോട്ടൽ മുറി ഓൺലൈനായി ബുക്ക് ചെയ്യുന്നതാണ് തട്ടിപ്പുകാർക്ക് അവസരമായത്. കെടിഡിസിയുടെ ബോൾഗാട്ടി പാലസ് ഹോട്ടലിന്റെ ഗൂഗിൾ അക്കൗണ്ടും ഹാക്ക് ചെയ്തിരുന്നു.

ഗൂഗിളിൽ നിന്നാണെന്നു പറഞ്ഞു വിളിച്ച് ഒടിപി വാങ്ങിയിട്ടാണ് ഹാക്ക് ചെയ്യുന്നത്. ഗൂഗിൾ ലിങ്കിൽ ക്ലിക്ക് ചെയ്താൽ വ്യാജ വെബ്സൈറ്റിൽ എത്തും. മുറി ബുക്ക് ചെയ്തതായി കാണിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകി പണം വാങ്ങുന്നു. ടൂറിസ്റ്റുകൾ ഹോട്ടലിൽ എത്തി മുറി ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്.  വിളിച്ചു ചോദിച്ചാൽ മുറി ബുക്ക് ചെയ്ത കാര്യം സ്ഥിരീകരിക്കും. പിന്നീട് ആ നമ്പർ നിശ്ചലമാവും.

തട്ടിപ്പിന് ഇരയാവാതിരിക്കാൻ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമേ ബുക്ക് ചെയ്യാവൂ. ഗൂഗിൾ ബിസിനസ് അക്കൗണ്ടിലെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ വ്യാജ വെബ് സൈറ്റിലേക്കാണു പോകുന്നതെങ്കിൽ ‘‘ദിസ് യൂസർ ഈസ് നോട്ട് വെരിഫൈഡ് ’’ എന്ന് കാണിക്കും. പലരും അത് ക്യാൻസൽ ചെയ്തിട്ട് വീണ്ടും അതേ സൈറ്റിൽ നിന്നു തന്നെ ബുക്ക് ചെയ്യുകയായിരുന്നു. 

കെടിഡിസി ഡോട്ട് കോം ആണ് ഹോട്ടലുകൾ ബുക്ക് ചെയ്യേണ്ട യഥാർഥ വെബ്സൈറ്റ്. വ്യാജൻമാർ ബോൾഗാട്ടി പാലസ് വെബ്സൈറ്റ് ഡോട്ട് കോ ഡോട്ട് ഇൻ എന്നിങ്ങനെ പല പേരുകളിലാണ്. ഹാക്ക് ചെയ്യപ്പെട്ടതിനെ തുടർന്ന് ഉപയോഗിക്കാതായ വെബ്സൈറ്റുകളും ഒട്ടേറെ ഹോട്ടലുകൾക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *