പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാൺ ജ്വല്ലേഴ്സിലെ 2.36% ഓഹരികൾ പ്രൊമോട്ടർമാർക്ക് വിൽക്കാൻ വിദേശ നിക്ഷേപകരായ ഹൈഡൽ ഇൻവെസ്റ്റ്മെന്റ്സ്. കല്യാൺ ജ്വല്ലേഴ്സ് പ്രൊമോട്ടറും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമനാണ് ഷെയർ പർച്ചേസ് എഗ്രിമെന്റ് പ്രകാരം ഓഹരി ഒന്നിന് 535 രൂപയ്ക്കുവീതം 2.42 കോടി ഓഹരികൾ വാങ്ങുന്നതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ കല്യാൺ ജ്വല്ലേഴ്സ് വ്യക്തമാക്കി. മൊത്തം 1,300 കോടി രൂപയ്ക്കാണ് ഏറ്റെടുക്കൽ.
ഇടപാട് നടക്കുന്നതോടെ കല്യാൺ ജ്വല്ലേഴ്സിൽ പ്രൊമോട്ടർമാരുടെ ഓഹരി പങ്കാളിത്തം 60.59 ശതമാനത്തിൽ നിന്ന് 62.95 ശതമാനമായി ഉയരുമെന്നും റിപ്പോർട്ട് പറയുന്നു. ടി.എസ്. കല്യാണരാമന് നിലവിൽ 21% ഓഹരി പങ്കാളിത്തമാണ് കമ്പനിയിലുള്ളതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചിലെ കണക്കുകൾ വ്യക്തമാക്കുന്നു.