ഹിൻഡൻബർഗ് റിസർച്ചിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിന് ശേഷം ട്വിറ്റർ സഹസ്ഥാപകനും മുൻ സിഇഒയും ആയ ജാക്ക് ഡോർസിയുടെ ആസ്തി ഇടിയുന്നു. ജാക്ക് ഡോർസിയുടെ പേയ്മെന്റ് സ്ഥാപനമായ ‘ബ്ലോക്ക്’ കണക്കിൽ കൃത്രിമം കാണിച്ച് ഓഹരിവില പെരുപ്പിച്ചുകാട്ടിയെന്നാണ് ഹിൻഡൻബർഗിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്.
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവിട്ട മണിക്കൂറുകൾക്കുള്ളിൽ തന്നെ ജാക്ക് ഡോർസിയുടെ ആസ്തിയിൽ നിന്നും 526 മില്യൺ ഡോളർ നഷ്ടമായി. അതായത് 4235 കോടി രൂപ. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചിക പ്രകാരം ആസ്തിയിൽ 11 ശതമാനം ഇടിവ് സംഭവിച്ചതോടെ ജാക്ക് ഡോർസിയുടെ ആസ്തി 4.4 ബില്യൺ ഡോളറാണ്. കാലിഫോർണിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബ്ലോക്ക് എന്ന കമ്പനിയുടെ പല അക്കൗണ്ടുകളും വ്യാജമാണെന്ന് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. കൂടാതെ ഓഹരി വിലയിൽ 65 മുതൽ 75 ശതമാനം വരെ കുറവുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
അതേസമയം, ഹിൻഡൻബർഗ് ആരോപണങ്ങൾ കമ്പനി നിഷേധിച്ചു. ഇതിനെതിരായി നിയമനടപടികൾ സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. ജാക്ക് ഡോർസിയുടെ സ്വകാര്യ സമ്പത്തിന്റെ ഭൂരിഭാഗവും ബ്ലോക്കിലാണ്. സ്ഥാപനത്തിലെ അദ്ദേഹത്തിന്റെ ഓഹരി മൂല്യം 3 ബില്യൺ ഡോളറാണ്,
ബ്ലോക്കിനെതിരെ രണ്ട് വർഷകൊണ്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവിട്ടത്. ഇടപാടുകാരുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് ഒപ്പം ചെലവുകൾ കുറച്ച് കാണിച്ച് ബ്ലോക്ക് വിപണിയിൽ നേട്ടമുണ്ടാക്കാൻ ശ്രമിച്ചതായി ഹിൻഡൻബർഗ് ആരോപിക്കുന്നു. റിപ്പോർട്ട് പ്രകാരം, ബ്ലോക്കിന്റെ 40–75% അക്കൗണ്ടുകളും വ്യാജമാണ് ഒരാളുടെ പേരിൽ തന്നെ ഒട്ടേറെ അക്കൗണ്ടുകളുണ്ട്. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം കമ്പനിയുടെ ഓഹരി വിലയിൽ 18% ഇടിവുണ്ടായി.