ഹാൾമാർക്ക് സ്വർണാഭരണങ്ങളുടെ തൂക്കം അറിയാനുള്ള സംവിധാനം 10 ദിവസത്തിനകം

ഏകദേശം 10 ദിവസത്തിനകം ഹാൾമാർക്കിങ് മുദ്രയായ എച്ച്‌യുഐഡി (ഹാൾമാർക്ക് യുണീക് ഐഡന്റിഫിക്കേഷൻ) വഴി സ്വർണാഭരണങ്ങളുടെ തൂക്കം അറിയാനുള്ള സംവിധാനം നടപ്പാക്കുമെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്). സി–ഡാക് ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണെന്ന് ബിഐഎസ് ഡയറക്ടർ ജനറൽ പ്രമോദ് കുമാർ തിവാരി പറഞ്ഞു.

ജ്വല്ലറികളുടെ പേര് എച്ച്‍യുഐഡി വഴി നൽകുന്നതും ഒഴിവാക്കും. നിലവിൽ സ്വർണത്തിന്റെ ഹാൾമാർക്കിങ് സമയത്ത് തൂക്കം നോക്കുന്നുണ്ടെങ്കിലും ബിഐഎസ് കെയർ മൊബൈൽ ആപ്പിൽ എച്ച്‌യുഐഡി നൽകിയാൽ തൂക്കം ലഭ്യമല്ല. സ്വർണത്തിന്റെ നിർബന്ധിത ഹാൾമാർക്കിങ്ങിനുള്ള 3 മാസം വരെ സാവകാശം രാജ്യത്ത് പഴയ സ്റ്റോക് വെളിപ്പെടുത്തിയ 16,243 ജ്വല്ലറികൾക്ക് മാത്രമാണെന്ന് ബിഐഎസ് വ്യക്തമാക്കി. മറ്റ് ജ്വല്ലറികൾക്ക് ഏപ്രിൽ ഒന്നു മുതൽ എച്ച്‌യുഐഡി മുദ്രയുള്ള സ്വർണാഭരണങ്ങൾ മാത്രം വിൽക്കാനേ അനുമതിയുള്ളൂ. ജ്വല്ലറി ഉടമകൾ നൽകിയ ഹർജിയിന്മേൽ കേരള ഹൈക്കോടതിയുടെ ഉത്തരവ് സംബന്ധിച്ച് ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *