പുതിയ ഇലക്ട്രിക് വാഹന നയത്തിലെ നിർദേശങ്ങൾ നടപ്പാകുന്നതോടെ തമിഴ്നാട് കൂടുതൽ ഹരിത വാഹന സൗഹൃദമാകും. തമിഴ്നാട്ടിൽ ഉൽപാദിപ്പിച്ച് അവിടെത്തന്നെ റജിസ്റ്റർ ചെയ്ത് വിൽക്കുന്ന വാണിജ്യ ഇലക്ട്രിക് വാഹനങ്ങൾക്ക് 30,000 മുതൽ 10 ലക്ഷം രൂപ വരെ ഇളവുകളാണ് ഒരുങ്ങുന്നത്. സ്വകാര്യ വ്യക്തികൾ വാഹനം വാങ്ങുന്നതു മുതൽ ചാർജ് ചെയ്യുന്നതിൽ വരെ ചെലവാക്കേണ്ട തുകയും കേരളത്തേക്കാൾ കുറവാണ്.
പൊതു ചാർജിങ് സ്റ്റേഷനുകളിലെ വൈദ്യുതി നിരക്ക് പകുതിയായി കുറയ്ക്കാനാണു തമിഴ്നാടിന്റെ തീരുമാനം. നിലവിൽ പീക്ക് സമയത്ത് യൂണിറ്റിന് 12 രൂപയും മറ്റു സമയങ്ങളിൽ 8 മുതൽ 10 രൂപ വരെയുമാണു നിരക്ക്. അതേ സമയം, കേരളത്തിൽ കെഎസ്ഇബി ചാർജിങ് സ്റ്റേഷനുകളിൽ യൂണിറ്റിന് 15 രൂപ വരെ നൽകണം. സ്വകാര്യ കമ്പനികളുടേതിന് യൂണിറ്റിന് 25 രൂപ വരെയും. പകൽ സമയങ്ങളിൽ സൗരോർജം കൂടുതലായി ഉപയോഗപ്പെടുത്തി നിരക്കു കുറഞ്ഞ വൈദ്യുതി ലഭ്യമാക്കാനാണു തമിഴ്നാടിന്റെ ശ്രമം. 25 യൂണിറ്റ് വരെ ചാർജ് ചെയ്യാൻ കേരളത്തിൽ 375 രൂപ കൊടുക്കേണ്ട സ്ഥാനത്ത് തമിഴ്നാട്ടിൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ പീക്ക് സമയത്തു പോലും 150 രൂപ മതി.
തമിഴ്നാട്ടിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് റോഡ് നികുതിയില്ല. കേരളത്തിൽ വാഹനവിലയുടെ 4.2% റോഡ് നികുതി നൽകണം. അതായത് 10 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഷോറൂം വിലയെങ്കിൽ 42,000 രൂപ നികുതി. കേരളത്തിൽ ഒറ്റത്തവണ നികുതിയിൽ ആദ്യ 5 വർഷം ഉണ്ടായിരുന്ന 50% ഇളവ് ബജറ്റിൽ റദ്ദാക്കിയതോടെ ഏപ്രിൽ മുതൽ സ്വകാര്യ ഇലക്ട്രിക് വാഹനങ്ങൾക്ക് 0.8% വില വീണ്ടും വർധിക്കും.