ഉത്തരേന്ത്യന്‍ സിംഗിള്‍ സ്ക്രീനുകളെ ഇളക്കിമറിച്ചിട്ടുള്ള താരമാണ് സല്‍മാന്‍ ഖാന്‍. സല്‍മാന്‍ ചിത്രങ്ങള്‍ നേടുന്ന ഉയര്‍ന്ന ബോക്സ് ഓഫീസ് കളക്ഷന് പിന്നിലും സിംഗിള്‍ സ്ക്രീനുകളിലെ ഈ സ്വീകാര്യത ആയിരുന്നു. മുന്‍കാലങ്ങളിലെ കളക്ഷനുമായി തട്ടിച്ചുനോക്കുമ്പോള്‍ സല്‍മാന്‍റെ അടുത്തിടെയെത്തിയ ചിത്രങ്ങളുടെ ബോക്സ് ഓഫീസ് പ്രകടനം ശോകമായിരുന്നു. എന്നാല്‍ ദീപാവലി റിലീസ് ആയി തീരുമാനിച്ചിരുന്ന ടൈഗര്‍ 3 ല്‍ ബോളിവുഡിന് പ്രതീക്ഷയുണ്ടായിരുന്നു.ഇപ്പോഴിതാ ചിത്രം ആദ്യ ദിവസം നേടിയത് സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
ദീപാവലി ദിവസമായ ഞായറാഴ്ചയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. റിലീസ് ദിവസം ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയത് 52.50 കോടി ഗ്രോസും (44.50 കോടി നെറ്റ്) വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് നേടിയത് 41.50 കോടി ഗ്രോസുമാണെന്ന് (5 മില്യണ്‍ ഡോളര്‍) നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസ് അറിയിക്കുന്നു. അതായത് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യദിനം ചിത്രം നേടിയിരിക്കുന്നത് 94 കോടിയാണ്. ഹിന്ദി സിനിമയുടെ ചരിത്രത്തില്‍ത്തന്നെ ഒരു ദീപാവലി ദിവസം നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണ് ഇതെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു.
ബോളിവുഡിന്‍റെ സമീപകാലത്തെ ഏറ്റവും മികച്ച ഓപണിംഗുകളില്‍ ഒന്നാണ് ടൈഗര്‍ 3 നേടിയിരിക്കുന്നത്. എന്നാല്‍ ഷാരൂഖ് ഖാന്‍റെ സമീപകാലത്തെ വന്‍ വിജയങ്ങളായ പഠാനെയോ ജവാനെയോ ചിത്രം മറികടന്നിട്ടില്ല. യാഷ് രാജ് ഫിലിംസിന്‍റെ തന്നെ ചിത്രമായ പഠാന്‍ ആദ്യദിനം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 106 കോടി ആയിരുന്നു. ജവാന്‍ നേടിയത് 129.6 കോടിയും! അതേസമയം വരും ദിനങ്ങളിലും ടൈഗര്‍ 3 ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തുമെന്നാണ് കരുതപ്പെടുന്നത്.