ആരോഗ്യ, കാർഷിക സർവകലാശാലകൾക്ക് കീഴിൽ സ്റ്റാർട്ടപ് മിഷന്റെ നൂതന സംരംഭകത്വ വികസന കേന്ദ്രങ്ങൾ തുടങ്ങുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രീകൃത സ്റ്റാർട്ടപ് ഇൻകുബേഷൻ സംവിധാനം നടപ്പിലാക്കുന്നതു പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു. സ്റ്റാർട്ടപ് സംരംഭകത്വ വികസനം ലക്ഷ്യമിട്ട് കേരള സ്റ്റാർട്ടപ് മിഷൻ കോവളത്ത് സംഘടിപ്പിക്കുന്ന ‘ ഹഡിൽ ഗ്ലോബൽ 2024’ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ടെക്നോപാർക്കിന്റെ ഭാഗമായി എമേർജിങ് ടെക്നോളജി ഹബ് വരികയാണ്. ഭക്ഷ്യ- കാർഷിക മേഖല, ബഹിരാകാശ സാങ്കേതിക വിദ്യ, പാരമ്പര്യേതര ഊർജം, ഡിജിറ്റൽ മീഡിയ, ആരോഗ്യം – ലൈഫ് സയൻസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ട സംരംഭങ്ങൾക്ക് ഇവിടെ പ്രാധാന്യം നൽകും. കേരളത്തിൽ നടക്കുന്ന ഇൻവെസ്റ്റ്മെന്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക സെഷൻ ഉൾപ്പെടുത്തും. നിലവിലെ കേരളത്തിലെ ഐടി പാർക്കുകളിൽ സ്ഥലം ലഭിക്കുന്നതിന് ഒട്ടേറെപ്പേർ കാത്തിരിക്കുകയാണ്.
രാജ്യത്തെ മെട്രോ സിറ്റികളെ അപേക്ഷിച്ച് കേരളത്തിനു കൂടുതൽ സാധ്യതകളുണ്ട്. അവിടങ്ങളിൽ മലിനീകരണം, ഗതാഗതക്കുരുക്ക് തുടങ്ങിയ പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ കേരളത്തിൽ മികച്ച വായുവും ജലവും ഗതാഗതസംവിധാനവുമുണ്ട്’– മുഖ്യമന്ത്രി പറഞ്ഞു.