സര്‍ക്കാര്‍ ജോലിയുടെ ബലത്തിൽ ഇഷ്ടം പോലെ വായ്പ എടുക്കാനും ചിട്ടി പിടിച്ച് കാര്യം കാണാനും ഇതുവരെയുണ്ടായിരുന്ന സൗകര്യം ഇനി സംസ്ഥാന ജീവനക്കാര്‍ക്ക് ഉണ്ടാകില്ല. സാലറി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കര്‍ശന നിബന്ധനകള്‍ ബാധകമാക്കിക്കൊണ്ട് കേരളാ സംസ്ഥാന ധന വകുപ്പ് ജൂണ്‍ 27ന് ഇറക്കിയ ഉത്തരവാണ് കാരണം.
നിങ്ങളുടെ നിലവിലെ വായ്പഗഡുവും ചിട്ടി തിരിച്ചടവ് തുകയും ചേരുമ്പോള്‍ മാസം കൈയില്‍ കിട്ടുന്ന നെറ്റ് സാലറിയേക്കാള്‍ കൂടുതലാണെങ്കില്‍ വായ്പാ – ചിട്ടി ആവശ്യങ്ങള്‍ക്കായി ഇനി സാലറി സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നാണ് ഉത്തരവ്. മാത്രമല്ല സ്ഥിരമായി കടക്കാരനാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം 51 മുതല്‍ 55 വരെയുള്ള വകുപ്പ് പ്രകാരം നടപടി സ്വീകരിക്കണം എന്നും ഉത്തരവില്‍ പറയുന്നു.
മറ്റ് പ്രധാന നിര്‍ദേശങ്ങള്‍
1 റവന്യു റിക്കവറിക്ക് സ്റ്റോപ് മെമ്മോ ലഭിച്ചിട്ടുള്ള ജീവനക്കാര്‍ക്ക് വീണ്ടും വായ്പാ ആവശ്യങ്ങള്‍ക്കായി സര്‍ട്ടിഫിക്കറ്റ് നല്‍കരുത്.
2 വായ്പായുടെ അഥവാ ചിട്ടിയുടെ തിരിച്ചടവ് കാലയളവ് ജീവനക്കാരന്റെ ശേഷിക്കുന്ന സര്‍വീസ് കാലയളവിലേതിനേക്കാള്‍ കൂടുതലാണെങ്കില്‍ ശമ്പള സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട
3.കരാര്‍ ജീവനക്കാര്‍ക്ക് വായ്പാ ചിട്ടി ആവശ്യങ്ങള്‍ക്കായി സര്‍ട്ടിഫിക്കറ്റ് അനുവദിക്കരുതെന്ന് വ്യക്തമായ നിര്‍ദേശം ഉണ്ട്.
4.സാലറി സര്‍ട്ടിഫിക്കറ്റ് ജാമ്യത്തിലല്ലാതെ എടുക്കുന്ന വായ്പകള്‍ക്ക് തൊഴില്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാം. പക്ഷേ കരാര്‍ അടിസ്ഥാനത്തില്‍ നിയമിതനായ തസ്തിക, നിയമന തീയതി, കരാര്‍ കാലയളവ് എന്നിവ അതില്‍ വ്യക്തമാക്കിയിരിക്കണം. മാത്രമല്ല കരാര്‍ ജീവനക്കാരനായതിനാല്‍ യാതൊരുവിധ ബാധ്യതാ തുകയും വസൂലാക്കി നല്‍കില്ലെന്നതും സര്‍ട്ടിഫിക്കറ്റില്‍ പറഞ്ഞിരിക്കണം. ഈ വ്യവസ്ഥകള്‍ പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍ക്കും പാര്‍ടൈം അധ്യാപകര്‍ക്കും ബാധകമാണ്.