സർക്കാർ ആശുപത്രികൾക്കായി സംഭരിക്കേണ്ട മരുന്നുകളിൽ കെഎംഎസ്‌സിഎൽ 40% വരെ അധികവില നൽകണം

കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) സർക്കാർ ആശുപത്രികൾക്കായി സംഭരിക്കേണ്ട മരുന്നുകളിൽ 54 ഇനങ്ങൾക്കു വിപണിനിരക്കിനെക്കാൾ 40% വരെ അധികവില നൽകണം.

74% അധികവില നൽകേണ്ടതിനാൽ പേവിഷ വാക്സീന്റെ തുടർസംഭരണത്തിനുള്ള തീരുമാനം സർക്കാരിനു വിട്ടു. എന്നാൽ, 227% അധികവില നൽകേണ്ടി വന്നിട്ടും പാമ്പുവിഷ പ്രതിരോധ മരുന്ന് അടിയന്തരമായി വാങ്ങാൻ തീരുമാനിച്ചു. ഇത് 24,000 വയ്‌ൽ സ്റ്റോക്കുണ്ടായിട്ടും സർക്കാർ അനുമതി തേടാതെ 33,100 തിടുക്കപ്പെട്ട് ഓർഡർ നൽകിയതു വിചിത്രമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. 

കഴിഞ്ഞ ഒക്ടോബറിൽ തുടങ്ങിയ ടെൻഡർ നടപടികൾ ഇതുവരെ അന്തിമമാക്കാൻ സാധിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് 13നു പ്രസിദ്ധീകരിച്ച നോട്ടിസ്. ടെൻഡറിൽ 54 ഇനങ്ങൾക്കു വില കൂടുതലാണെന്നും ഇതിൽ 19 കമ്പനികൾ ഉൽപന്നങ്ങൾക്കു വില കുറയ്ക്കാൻ തയാറായിട്ടില്ലെന്നും നോട്ടിസിലുണ്ട്. ഈ ഉൽപന്നങ്ങളുടെ ടെൻഡർ തന്നെ റദ്ദാക്കാനാണു കെഎംഎസ്‌സിഎൽ തീരുമാനം. 34 കമ്പനികൾ വിപണിനിരക്കിനോടു ചേർന്ന് വില കുറയ്ക്കാൻ തയാറായതിനാൽ ഓർഡർ നൽകും. 

പേവിഷ വാക്സീന‍് മുൻ വർഷത്തെക്കാൾ 74% അധികവിലയാണു നൽകേണ്ടത്. ഇത്രയും തുക നൽകി സംഭരിക്കണമോ എന്നതു സർക്കാർ തീരുമാനത്തിനു വിടുന്നു എന്നാണു നോട്ടിസിലുള്ളത്. എന്നാൽ, പാമ്പുവിഷത്തിനുള്ള മരുന്നിന് വയ്‌ലിന് 300 രൂപ അധികമായിട്ടും സർക്കാരിന്റെ ഉപദേശം തേടാതെയും വിലപേശൽ നടത്താതെയും 1.70 കോടി രൂപയുടെ ഓർഡറാണു നൽകിയത്. ഇതിനു കഴിഞ്ഞ വർഷം 235.20 രൂപയായിരുന്നെങ്കിൽ ഈ വർഷം 535.36 രൂപയായി. 

പേവിഷ വാക്സീൻ കഴിഞ്ഞയാഴ്ച പൂർണമായി തീർന്നിരുന്നു. ഒഡീഷയിലേക്ക് അയയ്ക്കാൻ വച്ചിരുന്ന 6222 വയ്‌ൽ വാക്സീൻ തൃശൂർ വെയർഹൗസിൽ ഇന്നലെ എത്തിച്ചു. ഇത് 14 ജില്ലകളിലേക്കും വിതരണം ചെയ്യും. ശരാശരി 800 വയ്‌ൽ പ്രതിദിനം ഉപയോഗിക്കുന്നതിനാൽ ഒരാഴ്ചയ്ക്കുള്ളിൽ വീണ്ടും ക്ഷാമം തുടങ്ങുമെന്നാണു സൂചന. 

ഇനി 19 ഇനം മരുന്നുകൾക്കു വീണ്ടും ടെൻഡർ വിളിക്കേണ്ടി വരും. അപ്പോൾ നിരക്കു വീണ്ടും കൂടിയേക്കാം. ഇല്ലെങ്കിൽ പ്രാദേശിക വിപണിയിൽനിന്നു ലോക്കൽ പർച്ചേസ് നടത്തുകയോ കാരുണ്യ വഴി സംഭരിച്ചു നൽകുകയോ വേണം. ഇതിനും ഉയർന്ന നിരക്കു നൽകേണ്ടി വന്നേക്കാം.

Leave a Reply

Your email address will not be published. Required fields are marked *