സ്വർണത്തിനെ പ്രതിനിധീകരിക്കുന്ന പ്രൊഡക്ടുകള്‍ ഇലക്ട്രോണിക് രൂപമാവുന്നതിനെ ഇലക്ട്രോണിക് ഗോള്‍ഡ് റസീറ്റ് എന്ന് വിളിക്കാം. നിക്ഷേപകന്‍ ഇ.ജി.ആർ വാങ്ങുമ്പോള്‍ വോള്‍ട്ടിലിരിക്കുന്ന സ്വർണക്കട്ടിയുടെ യൂണിറ്റുകളാണ് ലഭിക്കുക. 22 ഉം 24 ഉം കാരറ്റിന്‍റെ ഉയർന്ന നിലവാരമുള്ള സർട്ടിഫൈയ്ഡ് സ്വർണമാണിത്. നിക്ഷേപകന്‍ സ്റ്റോക്ക് മാർക്കറ്റില്‍ ഓഹരികള്‍ വാങ്ങുന്നതു പോലെ തന്നെ ഇ.ജി.ആറുകളും വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. സ്വർണത്തിന്‍റെ രൂപത്തില്‍ തന്നെ ഒരു ഗ്രാം, പത്തു ഗ്രാം, 100 ഗ്രാം എന്നിങ്ങനെ പത്തിന്‍റെ ഗുണിതങ്ങളായി വാങ്ങിയെടുക്കാമെന്ന പ്രത്യേകതയും ഇതിനുണ്ട്.
ഗോള്‍ഡ് ഇ.ടി.എഫും ഇ.ജി.ആറും തമ്മിലുള്ള വ്യത്യാസം എന്താണ്
മ്യൂച്വല്‍ ഫണ്ട് മാതൃകയില്‍ സ്വർണം യൂണിറ്റുകളായി വാങ്ങി നിക്ഷേപകന് തന്‍റെ ബ്രോക്കിങ് ഡിമാറ്റ് അക്കൗണ്ടില്‍ ഡിജിറ്റലായി സൂക്ഷിക്കാനാവും. ഇത് എപ്പോള്‍ വേണമെങ്കിലും വാങ്ങാനും വില്‍ക്കാനുമാവും. അതിനാണ് ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് എന്ന് പറയുന്നത്. അപ്പോള്‍, ഇ.ടി.എഫ് യൂണിറ്റുകള്‍ വില്‍ക്കുമ്പോള്‍ പണമാണ് തിരികെ ലഭിക്കുന്നത്. എന്നാല്‍, ഇ.ജി.ആറില്‍ സ്വർണം ഡിജിറ്റലായി സൂക്ഷിക്കുന്നുവെന്നത് ശരിയാണെങ്കിലും ഇത് സ്വർണമായിത്തന്നെ തിരിച്ചെടുക്കാം. ഇനി പണമാണ് ആവശ്യമെങ്കില്‍ അങ്ങനെയുമെടുക്കാം. നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ഇ.ടി.എഫിനെക്കാള്‍ റിട്ടേണ്‍ ഇ.ജി.ആറിന് ലഭിക്കും. സ്റ്റോറേജ്, കസ്റ്റോഡിയന്‍ ചാർജുകള്‍ എന്നിവ ഇ.ടി.എഫിന് കൂടുതലായിരിക്കും. ഇ.ജി.ആറിന് ഇത്തരം ചെലവുകള്‍ തീരെയില്ല.
ഇന്ത്യയുടെയും കേരളത്തിന്‍റെയും സാധ്യതകള്‍
ലോകത്തിലെ രണ്ടാമത്തെ വലിയ സ്വർണവിപണിയാണ് ഇന്ത്യയുടേത്. ഇവിടെ ജ്വല്ലറിയില്‍ നിന്ന് ആഭരണരൂപത്തില്‍ സ്വർണം വാങ്ങുന്നതിനെ നിക്ഷേപം എന്നു വിളിച്ചുകാണാറുണ്ട്. കൃത്യമായ സർട്ടിഫിക്കേഷന്‍, വിലയിലെ സുതാര്യതക്കുറവ്, പലയിടങ്ങളിലെ പല രീതിയിലുള്ള കച്ചവടം തുടങ്ങിയ പ്രശ്നങ്ങളുമുണ്ട്. ഒരു ജാലകത്തിലൂടെ മാത്രമുള്ള ഇടപാടുകളായതുകൊണ്ട് തന്നെ ഈ പ്രശ്നങ്ങളെല്ലാം ഇ.ജി.ആർ ഒറ്റയടിക്ക് പരിഹരിക്കുന്നു. ഫിസിക്കല്‍ ഗോള്‍ഡ് ഇ-രൂപത്തില്‍ സൂക്ഷിക്കുമ്പോള്‍ അത് യഥാർത്ഥ നിക്ഷേപമായി മാറുന്നു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സ്വർണവിപണിയാണ് കേരളത്തിന്‍റേത്. ഇവിടുന്ന് സ്വർണം ഡപ്പോസിറ്റ് ചെയ്യുന്ന ധാരാളം പേരെയാണ് ഇ.ജി.ആർ പ്രതീക്ഷിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഈ പദ്ധതിയില്‍ ലിക്വിഡിറ്റി ഉറപ്പ് വരുന്നു. സ്വർണം വാങ്ങാനുദ്ദേശിക്കുന്ന എന്‍.ആർ.ഐകള്‍ക്കും ഈ പദ്ധതി പ്രയോജനം ചെയ്യും. ഇത് വളരെ ലളിതമായ ഒരു നിക്ഷേപപദ്ധതിയാണ്. മറ്റേതൊരു സ്വർണനിക്ഷേപപദ്ധതിയേക്കാളും ആകർഷകവുമാണ്.