പെട്ടെന്ന് പണം ആവശ്യമായിവരുന്ന സന്ദർഭങ്ങളിൽ സ്വർണ പണയത്തെ ആശ്രയിക്കുന്നവരാണ് മിക്കവരും.സ്വർണം പണയം വയ്ച്ചവർ / വയ്ക്കാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.
പണയം വച്ചുകഴിഞ്ഞാൽ എല്ലാ വർഷവും പലിശ അടച്ചു പുതുക്കി വയ്ക്കുകയാണ് മിക്കവരും ചെയ്യുക. ഒരുമിച്ചു തുക വരുമ്പോൾ പണയം തിരിച്ചെടുക്കാമെന്നു കരുതും. ഇങ്ങനെ കുറെ വർഷം കഴിയുമ്പോൾ പണയത്തിലിരിക്കുന്ന സ്വർണം വിൽക്കാൻ ഏജൻസികളെ സമീപിക്കും. അല്ലെങ്കിൽ മറ്റു ലോണുകൾ എടുത്തു പണയ സ്വർണം തിരിച്ചെടുക്കാൻ നോക്കും. മാസം കുറച്ചു തുക നീക്കി വയ്ക്കാതെ സ്വർണ പണയം തിരിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്.
പലിശത്തുക മാത്രം അടച്ചു പുതുക്കി വയ്ക്കാതെ പണയം വച്ച സ്വർണം തിരിച്ചെടുക്കാൻ ശ്രമിക്കണം. അല്ലെങ്കിൽ കട ബാധ്യതിയിൽനിന്നു മുക്തരാകില്ല.
ചിലർ സ്വർണം പണയം വച്ചുകഴിഞ്ഞാൽ ചിലപ്പോൾ നാലോ അഞ്ചോ വർഷത്തിനു ശേഷമാകും വായ്പ ക്ലോസ് ചെയ്യുന്നത്. വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കനുസരിച്ച് സ്വർണ വില ഉയർന്നുകൊണ്ടിരിക്കും. പണയം വെച്ച സമയത്തുള്ള വിലയായിരിക്കില്ല രണ്ടോ മൂന്നോ വർഷത്തിനുശേഷം ഉണ്ടാകുക. വില കൂടുമ്പോൾ പണയ ഉരുപ്പടിയുടെ മൂല്യവും വർധിക്കും. അപ്പോൾ പലരും ആ പണയ സ്വർണത്തിൻ മേൽ ടോപ്അപ് ലോൺ എടുക്കും. തിരിച്ചടക്കേണ്ട തുകയും കൂടും. ഇങ്ങനെ വരുമ്പോൾ ബാധ്യത ഒഴിയുന്നില്ല. ലോൺ ടോപ്അപ് ചെയ്യുന്നത് കഴിവതും ഒഴിവാക്കുക.