സ്വർണത്തിൽ നിക്ഷേപിച്ച്    നേട്ടമുണ്ടാക്കാൻ  സോവറിൻ ഗോൾഡ് ബോണ്ട്  പദ്ധതി

  സ്വർണ വില ഓരോ വർഷവും കുതിച്ചുയരുകയാണ്. ഏത് സമയവും പണം ലഭിക്കും എന്നതിനാൽ  സ്വർണത്തിൽ നിക്ഷേപിച്ച്  നേട്ടമെടുക്കാൻ ആഗ്രഹിക്കുന്നവരുണ്ട്.  അധികം പണം കൈയിൽ വരുമ്പോൾ സ്വർണാഭരണങ്ങൾ വാങ്ങിക്കൂട്ടുന്നവരും  കുറവല്ല.  മികച്ച ഒരു നിക്ഷേപ ഉപാധിയായി ഒന്നും സ്വർണത്തെ കാണാൻ ആകില്ലെങ്കിലും  മറ്റ്  ആസ്തികൾക്ക് മങ്ങലേൽക്കുമ്പോൾ  സ്വർണം രക്ഷകനായേക്കാം.

 സ്വർണ നാണയങ്ങളിലും സ്വർണക്കട്ടികളിലും ആഭരണങ്ങളിലും മാത്രമല്ല ഡിജിറ്റൽ സ്വർണത്തിലും   ഇപ്പോൾ നിക്ഷേപം നടത്താം.  ഡിജിറ്റൽ സ്വർണ നിക്ഷേപ പദ്ധതികളിൽ വളരെ കുറഞ്ഞ ചെലവിൽ നിക്ഷേപിച്ച്  ലാഭം നേടാനുള്ള  അവസരം നിക്ഷേപക‍ർക്കുണ്ട്.

സോവറിൻ ഗോൾഡ് ബോണ്ട്  പദ്ധതി

സർക്കാർ സുരക്ഷയിൽ തന്നെ സ്വർണത്തിൽ നിക്ഷേപിച്ച്  വില  ഉയരുന്നതിന് അനുസരിച്ച്  നേട്ടമുണ്ടാക്കാൻ  നിക്ഷേപകരെ സഹായിക്കുന്ന ഒരു പദ്ധതിയാണ്  സോവറിൻ ഗോൾഡ് ബോണ്ട്  പദ്ധതി.  ആഭ്യന്തര വിപണിയിൽ സ്വർണ വില ഉയർന്ന് നിൽക്കുന്ന സമയത്ത് സർക്കാരിന് വേണ്ടി ആർ.ബി.ഐ ആണ് ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നത്. സ്വർണത്തിൻെറ ഉയർന്ന മൂല്യത്തിന് പുറമെ   പ്രതിവർഷം 2.50 ശതമാനം വാർഷിക പലിശയാണ് ഇപ്പോൾ ബോണ്ടുകൾക്ക് ലഭിക്കുന്നത്.

വിവിധ യൂണിറ്റുകളായി നിക്ഷേപകർക്ക് സോവറിൻ  ബോണ്ടുകളിൽ നിക്ഷേപിക്കാൻ ആകും. ഒരു ഗ്രാമാണ് ബോണ്ടുകളിൽ നടത്തേണ്ട ഏറ്റവും കുറഞ്ഞ യൂണിറ്റ് നിക്ഷേപം.  ബോണ്ട്  ഇഷ്യൂ ചെയ്യുന്ന സമയത്തെ സ്വർണ വിലയനുസരിച്ച്  ഒരു ഗ്രാമിൻെറ വില നൽകി പോലും  സ്വർണ നിക്ഷേപം നടത്താം. വ്യക്തികൾക്ക് പരമാവധി നാലു കിലോഗ്രാം സ്വർണത്തിൽ വരെ നിക്ഷേപിക്കാനുമാകും. 2015-ലാണ് സർക്കാർ ഈ ഡിജിറ്റൽ സ്വർണ നിക്ഷേപ പദ്ധതി തുടങ്ങിയത്.  എട്ടു വർഷമാണ് ബോണ്ടുകളുടെ കാലാവധി. അഞ്ച് വർഷം കഴിഞ്ഞാൽ ബോണ്ടിൽ നിന്ന് പണം പിൻവലിക്കാം. ആറ്, ഏഴ് വർഷങ്ങളിലും നിക്ഷേപം പിൻവലിക്കാനാകും.

നേട്ടം ഇങ്ങനെ

സ്വർണത്തിൻെറ വില ഉയരുന്നതിന് അനുസരിച്ച്  ഗോൾഡ്  ബോണ്ടുകളിൽ നിന്ന്  നിക്ഷേപകർക്ക് ലാഭം ലഭിക്കും എന്നതാണ് പ്രധാന മെച്ചം. കൂടാതെ നിക്ഷേപത്തിന്  നിശ്ചിത തുക അധിക പലിശയും ലഭിക്കും. ഉദാഹരണത്തിന്  5,000 രൂപയിൽ താഴെ മുടക്കി ഒരു ഗ്രാമിൽ  നിക്ഷേപം നടത്തിയ ഒരാൾ നിക്ഷേപം പിൻവലിക്കുമ്പോൾ ഗ്രാമിന് 8,000 രൂപയായി വില ഉയർന്നാൽ  ആ വിലക്കൊപ്പം  പലിശയും ചേർന്നുള്ള തുക ലഭിക്കും.  സ്വർണ വില ഉയരുന്നതിന് അനുസരിച്ചാകും പദ്ധതിയിൽ നിന്നുള്ള നേട്ടം.  

ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്ന സമയത്ത് ഓൺലൈനായി വാങ്ങിയാൽ അധിക ഡിസ്കൗണ്ട് ലഭിക്കും.  ബോണ്ടിനായി അപേക്ഷിക്കുന്ന സമയത്ത് നൽകിയ ഉപഭോക്താവിൻെറ ബാങ്ക് അക്കൗണ്ടിലേക്ക് ആണ് ഇതിൽ നിന്നുള്ള വരുമാനം ക്രെഡിറ്റ് ചെയ്യുന്നത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒക്കെ വിവാഹ വേളയിലും മറ്റും സോവറിൻ ഗോൾഡ്  ബോണ്ട് സമ്മാനമായി കൈമാറാനുമാകും.  നിക്ഷേപം കാലാവധി പൂർത്തിയാക്കിയില്ലെങ്കിലും സമ്മാനമായും  കൈമാറാവുന്നതാണ്.
 ബോണ്ട് കൈവശമുള്ളവർക്ക് ഇത് സംബന്ധിച്ച ഹോൾഡിങ് സർട്ടിഫിക്കറ്റ് ലഭ്യമാണ്. ലോണിന് ഈടായും ഇത് നൽകാം.   ലോക്കർ ചെലവുകൾ ഇല്ല എന്ന് മാത്രമല്ല നിക്ഷേപം ഡിജിറ്റൽ രൂപത്തിൽ ആയതിനാൽ അപഹരിക്കപ്പെടാനുള്ള സാധ്യതകളുമില്ല.

എങ്ങനെ വാങ്ങും?

ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും മുഖേന സോവറിൻ ഗോൾഡ് ബോണ്ടുകൾ വാങ്ങാൻ ആകും. ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടെ  വെബ്സൈറ്റിലൂടെ ഡിജിറ്റലായി പണം നൽകി ബോണ്ട് വാങ്ങുമ്പോൾ 50 രൂപ ഇളവ് നൽകാറുണ്ട്.  പോസ്റ്റോഫീസിലൂടെയും പദ്ധതിയിൽ അംഗമാകാം.  (നിക്ഷേപം  അവസാനിപ്പിക്കുന്ന ദിവസത്തിന്  തൊട്ടുമുമ്പുള്ള ദിവസങ്ങളിലെ ശരാശരി സ്വർണ വിലയാകും നിക്ഷേപകർക്ക് ലഭിക്കുക.)  ഇപ്പോൾ ഒരു ഗ്രാമിന് 5,000  രൂപയിൽ താഴെയാണ് വില എന്നതിനാൽ 5,000 രൂപയിൽ താഴെ നൽകി പോലും സ്വർണ നിക്ഷേപം നടത്തി നേട്ടമുണ്ടാക്കാനുള്ള അവസരം നിക്ഷേപകർക്കുണ്ട്.    

Leave a Reply

Your email address will not be published. Required fields are marked *