സ്വർണത്തിന് ഇ–വേ ബിൽ നടപ്പാക്കാൻ തയാറാകാതെ സംസ്ഥാന സർക്കാർ.

മന്ത്രി കെ.എൻ.ബാലഗോപാലിന്റെ അധ്യക്ഷതയിലുള്ള ജിഎസ്ടി ഉപസമിതിയാണ് സ്വർണത്തിന് ഇ–വേ ബിൽ നടപ്പാക്കണമെന്ന ശുപാർശ ജിഎസ്ടി കൗൺസിലിനു കൈമാറിയത്. ഇൗ നിർദേശം ജിഎസ്ടി കൗൺസിൽ അംഗീകരിച്ചു മാസങ്ങൾ കഴിഞ്ഞിട്ടും വിജ്ഞാപനം ഇറക്കാൻ മടിക്കുകയാണ് സർക്കാർ.

എത്ര രൂപയ്ക്കു മുകളിലെ സ്വർണ ഇടപാടുകൾ‌ക്ക് ഇ–വേ ബിൽ‌ ഏർപ്പെടുത്തണമെന്നതു സംബന്ധിച്ച തർക്കമാണ് തീരുമാനം വൈകിപ്പിക്കുന്നത്. സ്വർണത്തിന് ഇ–വേ ബിൽ നടപ്പാക്കരുതെന്നാണ് വ്യാപാരികളിൽ‌ ഒരു പക്ഷത്തിന്റെ ആവശ്യം. നടപ്പാക്കുകയാണെങ്കിൽ 10 ലക്ഷത്തിനു മേലുള്ള ഇടപാടുകൾക്കു മാത്രം ബാധകമാക്കിയാൽ മതിയെന്നും വ്യാപാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

2 ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുള്ള സ്വർണത്തിന് ഇ–വേ ബിൽ നടപ്പാക്കാനാണ് സംസ്ഥാന സർക്കാർ തുടക്കത്തിൽ ആലോചിച്ചിരുന്നത്. എന്നാൽ, വ്യാപാരികളുടെ ആവശ്യം കണക്കിലെടുത്ത് ഇത് 5 ലക്ഷമാക്കി വർധിപ്പിക്കാമെന്ന തരത്തിലെ ചർച്ചകളാണു പുരോഗമിക്കുന്നത്. അന്തിമ തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്ന് ജിഎസ്ടി വകുപ്പ് അധികൃതർ വ്യക്തമാക്കി. വൈകാതെ ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുമെന്നാണു സൂചന. ഇ–വേ ബിൽ പരിധി സംസ്ഥാനങ്ങൾക്കു തീരുമാനിക്കാമെന്നായിരുന്നു ജിഎസ്ടി കൗൺസിലിൽ ഉണ്ടായ ധാരണ. സ്വർണത്തിന്റെ സഞ്ചാര പാത പുറത്താകാതിരിക്കാനാണ് ഇ–വേ ബില്ലിൽ സ്വർണ വ്യാപാരികൾക്കു മാത്രം നേരത്തേ ഇളവ് അനുവദിച്ചിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *