കടകളിൽ കാർഡ് സ്വൈപ്പിങ് മെഷീൻ സേവനം നൽകുന്ന കമ്പനികളും (പോയിന്റ് ഓഫ് സെയിൽ–പിഒഎസ്) റിസർവ് ബാങ്കിന്റെ നിയന്ത്രണ പരിധിയിലേക്കു വരുന്നു. ഇതുസംബന്ധിച്ച കരടുചട്ടം ആർബിഐ പ്രസിദ്ധീകരിച്ചു.
പൈൻ ലാബ്സ്, എംസ്വൈപ്, ഇന്നൊവിറ്റി പേയ്മെന്റ്സ് തുടങ്ങിയ കമ്പനികൾക്ക് ആർബിഐ നിയന്ത്രണം ബാധകമാകും. പിഒഎസ് മെഷീനുകളിലെ പേയ്മെന്റുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനാണ് പുതിയ ചട്ടം കൊണ്ടുവരുന്നത്. 2025 മേയ് മുതൽ ഇത്തരം കമ്പനികൾക്ക് ആർബിഐയുടെ അനുമതിയോടെ മാത്രമേ പ്രവർത്തിക്കാനാവൂ. അനുമതി ലഭിക്കാതെ വന്നാൽ ഇവ പ്രവർത്തനം അവസാനിപ്പിക്കേണ്ടതായി വരും. അനുമതിക്ക് അപേക്ഷിക്കുമ്പോൾ കമ്പനിയുടെ മൂല്യം കുറഞ്ഞത് 15 കോടി രൂപയായിരിക്കണം. 2028 ആകുമ്പോഴിത് 25 കോടി രൂപയായിരിക്കണം. സംശയകരമായ ഇടപാടുകൾ നടന്നാൽ ധനമന്ത്രാലയത്തിനു കീഴിലുള്ള ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിനെ അറിയിക്കണമെന്നും നിർദേശമുണ്ട്