ചെറുകിട സംരംഭക കൂട്ടായ്മകൾ, സഹകരണ സ്ഥാപനങ്ങൾ, കൂട്ടുടമ സംരംഭകർ, കമ്പനികൾ എന്നിവയ്ക്കാണ് വ്യവസായ സംരംഭത്തിന് അപേക്ഷിക്കാൻ ഇതുവരെ അനുമതി ഉണ്ടായിരുന്നത്. ഇതിനായി 2022ൽ കൊണ്ടുവന്ന സ്വകാര്യ വ്യവസായ എസ്റ്റേറ്റ് സ്കീമിൽ ഭേദഗതി വരുത്താൻ മന്ത്രിസഭ തീരുമാനിച്ചു. 10 ഏക്കറോ അധികമോ വരുന്ന ഭൂമിയിൽ സ്വകാര്യ വ്യവസായ സംരംഭം തുടങ്ങാൻ 2 പേർ അടങ്ങുന്ന കുടുംബത്തിനും ഇനി അനുമതി നൽകും.
നിലവിലെ വ്യവസ്ഥ അനുസരിച്ച് സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ഡവലപ്പർ പെർമിറ്റിന് 30വർഷ കാലാവധി ഉണ്ടായിരുന്നത് ഒഴിവാക്കി. 30 വർഷമോ കൂടുതലോ പാട്ടക്കാലാവധിയിൽ ഭൂമി കൈവശം വച്ചിരിക്കുന്നവർക്കും ഡവലപ്പർ പെർമിറ്റിന് അപേക്ഷിക്കാം. അവിവാഹിതനായ വ്യക്തിക്ക് പരമാവധി 7.5 ഏക്കർ വരെ മാത്രമേ ഭൂപരിധി നിയമപ്രകാരം കൈവശം വയ്ക്കാൻ സാധിക്കൂ.
വ്യവസായത്തിനായി വ്യക്തികൾ 10 ഏക്കർ കൈവശം വയ്ക്കുന്നത് അനുവദിക്കാൻ നിയമതടസ്സമുണ്ട്. ഇതിൽ വെള്ളം ചേർക്കാനാവില്ലെന്ന നിലപാട് റവന്യു വകുപ്പ് സ്വീകരിച്ചതിനെ തുടർന്നാണ് 2 പേരടങ്ങുന്ന കുടുംബത്തിന് അനുവദിക്കാമെന്ന് നിയമഭേദഗതി വരുത്തിയത്. പദ്ധതി അനുസരിച്ചു വ്യവസായത്തിന് ഉപയുക്തമാക്കുന്ന ഭൂമിക്ക് ഏക്കറിന് 30 ലക്ഷം മുതൽ 3 കോടി രൂപ വരെ ധനസഹായം നൽകും. വൈദ്യുതി, വെള്ളം, ഗതാഗതം, ഡ്രെയ്നേജ്, മറ്റു സൗകര്യങ്ങൾ, മാലിന്യസംസ്കരണ സംവിധാനങ്ങൾ എന്നിവയ്ക്കു ചെലവാകുന്ന തുക കണക്കാക്കിയാണ് ധനസഹായം.
വ്യവസായ ഡയറക്ടർ വഴി സമർപ്പിക്കുന്ന അപേക്ഷ, വകുപ്പുതല സെക്രട്ടറിമാർ അടങ്ങുന്ന സമിതി പരിശോധിച്ചു സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ഡവലപ്പർ പെർമിറ്റ് നൽകും. അനുമതി ലഭിച്ചാൽ സംരംഭത്തിന് ആവശ്യമായ മറ്റെല്ലാ അനുമതികളും വേഗത്തിലാക്കാൻ ഏകജാലക ക്ലിയറൻസ് ബോർഡ് സ്ഥാപിക്കും. ഇവർക്ക് ഇൻഡസ്ട്രിയൽ ടൗൺഷിപ് ഡവലപ്മെന്റ് ചട്ടങ്ങളുടെ പരിധിയിലുള്ള എല്ലാ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടാകും.