ഓഹരി വിപണി മുന്നേറിയതോടെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം റെക്കോർഡ് ഉയരത്തിലെത്തി. സെൻസെക്സ് 152.12 പോയിന്റ് ഉയർന്ന് 65,780.26ൽ എത്തിയതോടെയാണ് കമ്പനികളുടെ ആകെ വിപണി മൂല്യം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയായ 316.64 ലക്ഷം കോടിയിൽ എത്തിയത്. രാജ്യത്തെ വിവിധ രംഗത്തെ വളർച്ച സൂചിപ്പിച്ച് പുറത്തുവരുന്ന കണക്കുകൾ വിപണിക്കു കരുത്താകുന്നുണ്ട്.
സെൻസെക്സ് വ്യാപാരത്തിനിടെ 203.56 പോയിന്റ് വരെ ഉയർന്ന് 65,831.70ൽ എത്തുകയുണ്ടായി. കഴിഞ്ഞ മൂന്നു ദിവസംകൊണ്ട് സെൻസെക്സിലുണ്ടായ മുന്നേറ്റം 948.85(1.46%) പോയിന്റാണ്. ഇതോടെ നിക്ഷേപകരുടെ ആസ്തിയിൽ മൂന്നു ദിവസംകൊണ്ട് 7 ലക്ഷം കോടി രൂപയുടെ വർധനയുണ്ടായി.
സൺ ഫാർമയാണ് സെൻസെക്സിൽ കൂടുതൽ നേട്ടമുണ്ടാക്കിയത്; 2.12%. ഐടിസി, ടൈറ്റൻ, ബജാജ് ഫിനാൻസ്, നെസ്‌ലെ, ഇൻഫോസിസ്, എൽആൻഡ്ടി, റിലയൻസ് ഇൻഡ്സ്ട്രീസ് എന്നിവയും മുന്നേറി. മിഡ്കാപ്, സ്മോൾകാപ് സൂചികകൾ യഥാക്രമം 1.09%, 0.61% എന്നിങ്ങനെയാണ് നേട്ടമുണ്ടാക്കിയത്. നിഫ്റ്റി 46.10 പോയിന്റ് കയറി 19,574.90ലും വ്യാപാരം അവസാനിപ്പിച്ചു.