സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നിരക്ക് ഉയർത്തി. എംസിഎൽആർ നിരക്കാണ് ഉയർത്തിയത്

രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നിരക്ക് ഉയർത്തി. എംസിഎൽആർ നിരക്കാണ് ഉയർത്തിയത്. ഇതോടെ എസ്ബിഐയിൽ നിന്നും വായ്പ എടുത്തവരുടെ ഇഎംഐ നിരക്ക് ഉയരും. എംസിഎൽആർ 15 ബേസിസ് പോയിന്റ് ആണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ബാങ്കിന്റെ വെബ്‌സൈറ്റ് പ്രകാരം പുതുക്കിയ നിരക്കുകൾ നവംബർ 15 മുതൽ നിലവിൽ വന്നു. ഇതോടെ എസ്ബിഐയിലെ വായ്പ ചെലവേറിയതാകും.

ഒറ്റ രാത്രിയിലേക്കുള്ള വായ്പയുടെ എംസിഎൽആർ നിരക്കുകൾ മാറ്റമില്ലാതെ തുടരുന്നു. 7.60 ശതമാനമാണ് ഇത്. അതേസമയം, ഒരു വർഷത്തെ എംസിഎൽആർ നിരക്ക് 7.95 ശതമാനത്തിൽ നിന്ന് 10 ബിപിഎസ് ഉയർത്തി 8.05 ശതമാനമാക്കി. രണ്ട് വർഷത്തെ എംസിഎൽആർ നിരക്ക് 8.15 ശതമാനത്തിൽ നിന്നും 8.25 ശതമാനമാക്കി. മൂന്ന് വർഷത്തെ എംസിഎൽആർ നിരക്ക് 8.25 ശതമാനത്തിൽ നിന്നും 10 ബിപിഎസ് ഉയർത്തി 8.35 ശതമാനമാക്കി.

ഒരു മാസത്തേയും മൂന്ന് മാസത്തേയും എംസിഎൽആർ നിരക്കുകൾ 15 ബിപിഎസ് വീതം വർദ്ധിപ്പിച്ച് 7.60 ശതമാനത്തിൽ നിന്ന് 7.75 ശതമാനമായി ഉയർത്തിയിട്ടുണ്ട്. ആറ് മാസത്തെ എംസിഎൽആർ 15 ബിപിഎസ് വർധിപ്പിച്ച് 8.05 ശതമാനമാക്കി.

എംസിഎൽആർ അല്ലെങ്കിൽ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്-ബേസ്ഡ് ലെൻഡിംഗ് റേറ്റ് എന്നത് ഒരു ബാങ്കിന് അതിന്റെ ഉപഭോക്താക്കൾക്ക് വായ്പ നൽകാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ നിരക്കാണ്. എംസിഎൽആർ നിരക്കിലെ ഏതൊരു പരിഷ്‌ക്കരണവും വായ്പയുടെ വിലയെ നേരിട്ട് ബാധിക്കും, കാരണം അത് വായ്പാ പലിശ നിരക്കിലെ വർദ്ധനവിനെ സൂചിപ്പിക്കുന്നു. പലിശ നിരക്ക് ഉയരുന്നതോടു കൂടി ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ എന്നിവയുടെ എല്ലാം പലിശ നിരക്ക് ഉയരും. കാരണം മിക്ക ഉപഭോക്തൃ വായ്പകൾക്കും പലിശ നിശ്ചയിക്കാൻ എംസിഎൽആർ ഉപയോഗിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *