ടൂറിസം വകുപ്പുമായി കേരള സ്റ്റാർട്ടപ്പ് മിഷനെ ബന്ധിപ്പിച്ച് സ്റ്റാർട്ടപ്പ് മേഖലയുടെ വളർച്ച വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹഡിൽ ഗ്ലോബൽ ടെക് സ്റ്റാർട്ടപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ ഫോൺ മുഖേനയായിരിക്കും ടൂറിസം വകുപ്പിനെയും സ്റ്റാർട്ടപ്പ് മിഷനെയും ബന്ധിപ്പിക്കുന്നത്. ഇതുവഴി സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും സ്റ്റാർട്ടപ്പ് മിഷൻ പ്രവർത്തനം എത്തിപ്പെടുകയും യുവജനങ്ങൾക്കും സംരംഭകർക്കും പ്രയോജനം ലഭിക്കുകയും ചെയ്യും -മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ യങ് ഇന്നവേഷൻ പ്രോഗ്രാമിന്റെ (വൈഐപി) ആപ് മുഖ്യമന്ത്രി പുറത്തിറക്കി. സാമൂഹിക സ്റ്റാർട്ടപ്പായ ജെൻ റോബോട്ടിക്സിനുള്ള പ്രൈഡ് ഓഫ് കേരള പുരസ്കാരം കമ്പനി കോ– ഫൗണ്ടർ എം.കെ. വിമൽ ഗോവിന്ദിനു മുഖ്യമന്ത്രി സമ്മാനിച്ചു.രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള 3000 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.