രാജ്യത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ കേരളം മുൻനിരയിലാണെന്നും സ്റ്റാർട്ടപ്പുകൾക്ക് അനുകൂലമായ അന്തരീക്ഷമാണ് സംസ്ഥാനത്തെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ കടലോര സ്റ്റാർട്ടപ്പ് ഉച്ചകോടിയെന്ന പ്രത്യേകതയോടെ കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിക്കുന്ന അഞ്ചാമത് ഹഡിൽ ഗ്ലോബൽ ത്രിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഡിജിറ്റൽ ഹബ്ബായും സ്റ്റാർട്ടപ്പുകളുടെ കേന്ദ്രമായും തിരുവനന്തപുരത്തെ മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബെൽജിയത്തിലും ഓസ്ട്രേലിയയിലും സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി സെന്റർ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ചടങ്ങിൽ കൈമാറി. സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾക്ക് യൂറോപ്പിലെയും ഓസ്ട്രേലിയയിലെയും ഉന്നതനിലവാരത്തിലുള്ള സാങ്കേതിക, ഗവേഷണ വികസന പശ്ചാത്തല സൗകര്യം പ്രയോജനപ്പെടുത്തുന്നതിനു കരാർ സഹായകമാകും. സ്റ്റാർട്ടപ്പ് മേഖലയിൽ എസ്ബിഐയുമായി സഹകരിക്കുന്നതിനുള്ള ധാരണാപത്രം സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബികയും എസ്ബിഐ സർക്കിൾ ചീഫ് ജനറൽ മാനേജർ എ.ഭുവനേശ്വരിയും കൈമാറി.ഡോ.ശശി തരൂർ എംപി, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ഇന്ത്യയിലെ ബെൽജിയം സ്ഥാനപതി ദിദിയർ വാൻഡ്ഹസെൽറ്റ്, ഓസ്ട്രേഡ് സൗത്ത് ഏഷ്യ മേധാവി കാതറിൻ ഗല്ലെഗർ, സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക, സിഒഒ ടോം തോമസ്, എസ്ബിഐ ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ റാണ അശുതോഷ്കുമാർ സിങ് തുടങ്ങിയവർ പ്രസംഗിച്ചു.