സിലിക്കൺ വാലി ബാങ്കിൽ കുടുങ്ങിപ്പോയ പണം തിരികെ ലഭിക്കാൻ താമസം വന്നാൽ പണലഭ്യത ഉറപ്പാക്കാനായി സ്റ്റാർട്ടപ്പുകൾക്ക് ഡോളറിലോ രൂപയിലോ വായ്പ നൽകുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.
രണ്ടു ബാങ്കുകൾ തകർന്ന പശ്ചാത്തലത്തിൽ സ്റ്റാർട്ടപ്പുകൾക്ക് യുഎസ് ബാങ്കുകളിലുള്ള നിക്ഷേപം അവിടെ പ്രവർത്തനമുള്ള ഇന്ത്യൻ ബാങ്കുകളിലേക്ക് ട്രാൻസ്ഫർ ചെയ്യാനായി കേന്ദ്രം വഴിതുറന്നേക്കും. യുഎസ് ബാങ്കുകൾക്ക് പകരം ഇന്ത്യൻ ബാങ്കുകൾ വഴി യുഎസിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് അക്കൗണ്ട് അടക്കമുള്ള സേവനങ്ങൾ നൽകാൻ കഴിയുമോയെന്ന് കേന്ദ്രം പരിശോധിക്കും.
സിലിക്കൺ വാലി ബാങ്കിന്റെ (എസ്വിബി) തകർച്ചയുടെ ആഘാതം വിലയിരുത്താനായി രാജീവ് ചന്ദ്രശേഖർ വിളിച്ച സ്റ്റാർട്ടപ് യോഗത്തിലാണ് ഇക്കാര്യം ചർച്ചയായത്. സിലിക്കൺ വാലി ബാങ്കിലെ നിക്ഷേപം മറ്റ് യുഎസ് ബാങ്കുകളിലേക്ക് മാറ്റിത്തുടങ്ങിയെങ്കിലും സുരക്ഷിതത്വം പോരെന്നാണ് പല സ്റ്റാർട്ടപ്പുകളും അഭിപ്രായപ്പെട്ടത്.