സ്മാർട് മീറ്ററിൽനിന്ന് പിന്മാറി കേരളം; 4000 കോടി രൂപ കേന്ദ്ര സഹായം നഷ്ടമാകും

വൈദ്യുതി മേഖലയിൽ കേന്ദ്ര ധനസഹായത്തോടെ നടപ്പാക്കുന്ന പ്രസരണ വിതരണ നവീകരണ പദ്ധതിയിൽനിന്നു (ആർഡിഎസ്എസ്)  കേരളം പുറത്തായേക്കും. 4000 കോടി രൂപ കേന്ദ്ര സഹായമാണ് ഇതോടെ കെഎസ്ഇബിക്കു നഷ്ടമാകുക. ആർഡിഎസ്എസിന്റെ ഭാഗമായ സ്മാർട് മീറ്റർ പദ്ധതിക്കായി കേന്ദ്രം മുന്നോട്ടുവച്ച ടോട്ടക്സ് മാതൃക നടപ്പാക്കാനാകില്ലെന്നാണു സംസ്ഥാന സർക്കാരിന്റെ നിലപാട്. പിന്മാറ്റം മൂലം ഉണ്ടാകാവുന്ന ബാധ്യതകളെക്കുറിച്ചു സർക്കാർ നിയമോപദേശം തേടുന്നുണ്ട്. 

സ്മാർട് മീറ്റർ പദ്ധതിക്ക് ആദ്യം വിളിച്ച ടെൻഡർ നടപ്പാക്കാനാകില്ലെന്ന് ഉറപ്പായിട്ടും സർക്കാർ തീരുമാനമെടുത്തില്ല. അടുത്ത ടെൻഡർ വിളിക്കേണ്ടെന്നും നിർദേശം നൽകി. ഇതോടെ കരാർപ്രകാരം ഡിസംബറിനകം 37 ലക്ഷം സ്മാർട് മീറ്റർ സ്ഥാപിക്കാൻ കഴിയില്ലെന്നു വ്യക്തമായി.

ആർഡിഎസ്എസ് പദ്ധതിക്കും സ്മാർട് മീറ്ററിനും സംസ്ഥാനം എതിരല്ലെങ്കിലും ടോട്ടക്സ് മാതൃക (ടോട്ടൽ എക്സ്പെൻഡിച്ചർ) അംഗീകരിക്കാനാകില്ലെന്നാണു സംസ്ഥാനത്തിന്റെ നിലപാട്. കരാർ കമ്പനി മുഴുവൻ തുകയും ചെലവഴിച്ചു മീറ്റർ സ്ഥാപിച്ചു പരിപാലിക്കുകയും ചെലവു തുക ഗഡുക്കളായി തിരിച്ചുപിടിക്കുകയും ചെയ്യുന്ന രീതിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *