സ്മാർട്സിറ്റിയിലെയും ഇൻഫോപാർക്കിലെയും അലൈൻമെന്റ് മാറ്റില്ലെന്ന് കെ റെയിൽ

കേന്ദ്ര–സംസ്ഥാന തർക്കത്തിൽ കുടുങ്ങി അനിശ്ചിതത്വത്തിലായെങ്കിലും സിൽവർലൈനിന്റെ അലൈൻമെന്റ് സ്മാർട്സിറ്റിക്കോ, ഇൻഫോപാർക്കിനോ വേണ്ടി മാറ്റാൻ തയാറല്ലെന്നു കെ റെയിൽ സർക്കാരിനെ അറിയിച്ചു. ഇതോടെ, സി‍ൽവർലൈനിന്റെ എറണാകുളം സ്റ്റേഷൻ ഉദ്ദേശിക്കുന്ന ഇൻഫോപാർക്ക് ഫേസ് ടുവിൽ പത്തേക്കർ വികസിപ്പിക്കാൻ കോ ഡവലപ്പർ അനുമതി ലഭിച്ച രണ്ടു കമ്പനികൾക്കു പി‍ൻമാറേണ്ടിവരും. സ്മാർട്സിറ്റിയിൽ സിൽവർലൈൻ കടന്നുപോകുന്ന പ്രദേശത്തും കെട്ടിടനിർമാണം സാധ്യമാകില്ലെന്ന് ഉറപ്പായി.

ടെക്നോപാർക്ക് ഫേസ് ടുവിൽ നി‍ർദിഷ്ട സിൽവർലൈൻ സ്റ്റേഷനു സമീപത്ത് 3 കമ്പനികൾക്ക് 5 വർഷം മുൻപു കോ ഡവലപ്പർ അനുമതി ലഭിച്ചിരുന്നു. ഇതിൽ യുഎസ്ടി ഗ്ലോബലിനു മാത്രം അനുമതി നൽകാമെന്നു കെ റെയിൽ സമ്മതിച്ചു. ഇവർക്ക് അനുവദിച്ചിരിക്കുന്ന ഭൂമി നിർദിഷ്ട സ്റ്റേഷന്റെ പാർക്കിങ് പ്രദേശത്തു വരുന്നതിനാൽ തടസ്സമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഇൻഫോപാർക്കുമായുള്ള ചർച്ചകൾക്കുശേഷം അനുമതി നൽകിയത്. ആദ്യഘട്ടത്തിൽ തടസ്സം നേരിട്ടതിനാൽ കമ്പനി തീരുമാനം അറിയിച്ചിട്ടില്ല. മറ്റു രണ്ടു കമ്പനികൾക്ക് അവർ ഉദ്ദേശിക്കുന്നതരത്തിൽ കെട്ടിടം നിർമിക്കാനാകില്ല. നിർദിഷ്ട സ്റ്റേഷന്റെ ഡിസൈന് അനുയോജ്യമാകുന്ന തരത്തിൽ ഉയരത്തിൽ തൂണുകൾ നിർമിച്ചശേഷം അതിനു മുകളിൽ കെട്ടിടം നിർമിക്കാമെന്ന നിർദേശമാണു കെ റെയിലിന്റേത്. എന്നാൽ, എറണാകുളത്തേത് എലിവേറ്റഡ് സ്റ്റേഷനായാണു കെ റെയിൽ ഉദ്ദേശിക്കുന്നത്. വലിയ ഉയരത്തിൽ തൂണുകൾ നിർമിക്കേണ്ടിവരും. ഇതിനു കമ്പനികൾ സമ്മതമറിയിച്ചിട്ടില്ല. സിൽവർലൈൻ വരുമോ എന്നുറപ്പില്ലാത്തതിനാൽ ഇത്തരമൊരു രൂപകൽപന കമ്പനികൾക്കു പിന്നീടു ബുദ്ധിമുട്ടുണ്ടാക്കാനിടയുണ്ട്. കോ ഡവലപ്പർ അനുമതി ലഭിച്ചശേഷം 5 വർഷമാണു കമ്പനികൾ കാത്തിരുന്നത്. ഇൻഫോപാർക്കിന്റെ വികസനം തടസ്സപ്പെടുത്തി സിൽവർലൈൻ അലൈൻമെന്റ് നിശ്ചയിച്ചതിനെതിരെ ആ ഘട്ടത്തിൽ ഐടി വകുപ്പ് പരാതിപ്പെട്ടിരുന്നു. എന്നാൽ, മുൻഗണന സിൽവർലൈന് എന്ന നിലപാടാണു മുഖ്യമന്ത്രി സ്വീകരിച്ചത്. .

Leave a Reply

Your email address will not be published. Required fields are marked *