സ്മാർട്ട് മീറ്റർ പദ്ധതി സംസ്ഥാനം ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി ; ഉപേക്ഷിച്ചാൽ നഷ്ടം പതിനായിരം കോടി

സ്മാർട്ട് മീറ്റർ പദ്ധതി സംസ്ഥാനം ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. പദ്ധതി ഉപേക്ഷിച്ചാൽ 
കേന്ദ്രത്തിൽ നിന്ന് കിട്ടുന്ന പതിനായിരം കോടി ഇല്ലാതാവും. അതിനാൽ ബദൽ സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കുകയാണെന്നും മന്ത്രി വിശദീകരിച്ചു. ഇക്കാര്യം ചർച്ച ചെയ്യാൻ 25 ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

വൈദ്യുതി മീറ്ററുകള്‍ ടോട്ടക്‌സ് രീതിയില്‍ സ്മാര്‍ട്ട് മീറ്ററുകളാക്കി മാറ്റുന്നതിനായിരുന്നു തീരുമാനം. വൈദ്യുതി വിതരണ രംഗത്ത് ദേശീയ തലത്തിൽ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്ന പരിഷ്കരണത്തിന്റെ ഭാഗമായാണ് കേന്ദ്ര ഊര്‍ജ്ജ മാന്ത്രാലയം സ്മാർട്ട് മീറ്ററുകള്‍ സ്ഥാപിക്കാൻ നിര്‍ദ്ദശിച്ചത്. ഈ സംവിധാനം വരുന്നതോടെ ഉപയോഗ ശേഷം പണം നൽകുന്ന നിലവിലെ സമ്പ്രദായം അവസാനിക്കും. വൈദ്യുതി വാങ്ങി ഉപയോഗിക്കേണ്ടി വരും. അങ്ങിനെ വരുമ്പോൾ മീറ്ററിൽ പണമില്ലെങ്കിൽ വീട്ടിൽ താനേ കറണ്ടില്ലാതാകും. പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം വിവിധ സംസ്ഥാനങ്ങളിൽ വൈദ്യുതി കമ്പനികൾ നഷ്ടക്കണക്കിൽ മുന്നോട്ട് പോകുന്ന സ്ഥിതി പരിഗണിച്ചാണ് കേന്ദ്രസർക്കാർ ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. ഇത് പ്രകാരം 25 ശതമാനത്തിലധികം വൈദ്യുത പ്രസരണ വിതരണ നഷ്ടം രേഖപ്പെടുത്തിയ സംസ്ഥാനങ്ങൾ 2023 ഡിസംബറിന് മുൻപ് സ്മാർട്ട് മീറ്റർ സ്ഥാപിക്കണം. കേന്ദ്ര വൈദ്യുതി നിയമ ഭേദഗതിയില്‍ സ്വകാര്യ വൈദ്യുതി വിതരണ കമ്പനികള്‍ക്കും അനുമതിയുണ്ട്. സ്മാർട് മീറ്റര്‍ വരുന്നതോടെ ഓരോ മേഖലയിലും വൈദ്യുതി ഉപഭോഗവും വരുമാനവും കൃത്യമായി തിരിച്ചറിയാനാവും. അതിനാൽ തന്നെ സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് സ്മാര്ട് മീറ്റര്‍ സംവിധാനം കൊണ്ടുവരുന്നതെന്ന വിമര്‍ശനവും ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *