നിലവിലെ പലിശ നിരക്കു തുടരാൻ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് തീരുമാനിച്ചതിനു പിന്നാലെ ഇന്ത്യൻ നിഫ്റ്റി വീണ്ടും 19,000 പോയിന്റ് മറികടന്നു. നിക്ഷേപകർക്കു മൂന്നു ലക്ഷം കോടിയിലേറെ രൂപയുടെ ആസ്തി വർധന സമ്മാനിച്ച മുന്നേറ്റത്തിൽ എല്ലാ വ്യവസായ വിഭാഗങ്ങളിൽപ്പെട്ട കമ്പനികളുടെയും വിപണി മൂല്യത്തിൽ ഉയർച്ച രേഖപ്പെടുത്തി.
സെൻസെക്സ് 64,080.90 പോയിന്റിലേക്കാണ് ഉയർന്നത്; നിഫ്റ്റി 19,133.25പോയിന്റിലേക്കും. ഇസ്രയേൽ – ഹമാസ് സംഘർഷം രൂക്ഷമാകുന്നതായുള്ള റിപ്പോർട്ടുകളും ലാഭമെടുപ്പിലെ വർധനയും വിപണിയുടെ മുന്നേറ്റത്തെ ബാധിച്ചിട്ടു കൂടി വില സൂചികകൾക്കു നേട്ടമുണ്ടാക്കാൻ കഴിഞ്ഞെന്നതാണു ശ്രദ്ധേയം.
ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, എൻടിപിസി, സൺ ഫാർമ തുടങ്ങിയ കമ്പനികളുടെ ഓഹരികളാണു മുന്നേറ്റത്തിനു നേതൃത്വം നൽകിയത്.യൂറോപ്യൻ വിപണികളും നേട്ടത്തിലായിരുന്നു. ഫെഡ് റിസർവിന്റെ തീരുമാനം പുറത്തുവന്നപ്പോൾ തന്നെ യുഎസ് വിപണികൾ കുതിച്ചുയർന്നു. അതിന്റെ ആവേശത്തിൽ നിന്നായിരുന്നു മറ്റു വിപണികളിലെ മുന്നേറ്റം.
യുഎസ് ട്രഷറി ബോണ്ടുകളിൽ നിന്നുള്ള വരുമാന നിരക്കിലെ ഇടിവും ഓഹരി വിപണികൾക്കു തുണയായി. അഞ്ചിൽ നിന്നു 4.766% വരെയാണു നിരക്ക് ഇടിഞ്ഞത്. യൂറോ മേഖലയിൽ ജർമനി, ഇറ്റലി എന്നിവിടങ്ങളിലെ ബോണ്ട് വരുമാനവും ഗണ്യമായി ഇടിഞ്ഞു.