സെപ്റ്റംബറിൽ രാജ്യമാകെയുള്ള ജിഎസ്ടി വരുമാനം 1.62 ലക്ഷം കോടി രൂപ. നടപ്പുസാമ്പത്തിക വർഷം നാലാം തവണയാണു വരുമാനം 1.6 ലക്ഷം കോടി കടക്കുന്നത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 10% വളർച്ചയുണ്ടായി. തുടർച്ചയായി 20 മാസമായി വരുമാനം 1.4 ലക്ഷം കോടിക്കു മുകളിലാണ്. ഓഗസ്റ്റിൽ 1.59 ലക്ഷം കോടിയായിരുന്നു.
കേന്ദ്രത്തിന് അർഹതപ്പെട്ട ജിഎസ്ടി (സിജിഎസ്ടി): 29,818 കോടി, സംസ്ഥാനത്തിനുള്ള ജിഎസ്ടി (എസ്ജിഎസ്ടി): 37,657 കോടി, ഒന്നിലേറെ സംസ്ഥാനങ്ങളിലായി നടക്കുന്ന ഇടപാടുകൾക്കുള്ള ഇന്റഗ്രേറ്റഡ് ജിഎസ്ടി (ഐജിഎസ്ടി): 83,623 കോടി, സെസ്: 11,613 കോടി എന്നിങ്ങനെയാണു വരുമാനം. കേരളത്തിന്റെ ജിഎസ്ടി വരുമാനം സെപ്റ്റംബറിൽ 2,505 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 2,246 കോടിയായിരുന്നു; വളർച്ച 12%.