നടൻ ദിലീപിന്റെ 148 ാം സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം കൊച്ചിയിൽ നടന്നു. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി. ചൗധരിയും, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്ന് നിർമിക്കുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് രതീഷ് രഘുനന്ദനാണ്.
സംവിധായകൻ ജോഷി തിരി തെളിച്ച ചടങ്ങിൽ മലയാള സിനിമ രംഗത്തെ ഒട്ടനവധി പ്രമുഖർ പങ്കെടുത്തു. ചിത്രത്തിന്റെ നിർമാതാവ് ആർ.ബി. ചൗധരിയുടെ മകനും തമിഴ് യുവതാരവുമായ ജീവ സിച്ച് ഓൺ നിർവഹിച്ചു. നിർമാതാവ് റാഫി മതിരയാണ് ഫസ്റ്റ് ക്ലാപ്പ് അടിച്ചത്.
ചിത്രത്തിലെ നായകൻ ദിലീപ്, നായികമാരായ നീത പിളള, പ്രണിത സുഭാഷ് എന്നിവർക്ക് പുറമേ, മറ്റ് താരങ്ങളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിലെ പ്രധാന താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും പേരുകളും ചടങ്ങിൽ പുറത്തുവിട്ടു. പാപ്പനിലൂടെ മലയാളികളുടെ ഇഷ്ടം എറ്റുവാങ്ങിയ നീത പിളളയാണ് ദിലീപിന്റെ നായികയായി എത്തുന്നത്. തെന്നിന്ത്യൻ നടി പ്രണിത സുഭാഷ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൂര്യ, കാർത്തി,മഹേഷ് ബാബു, പവൻ കല്ല്യാൺ, ഉപേന്ദ്ര എന്നീ താരങ്ങളുടെ നായികയായി തിളങ്ങിയിട്ടുളള പ്രണിത സുഭാഷ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.