സുരക്ഷിതമായി ഓൺലൈൻ ട്രാൻസാക്ഷൻ നടത്താൻ സിവിവി രഹിത സംവിധാനവുമായി വിസ

സിവിവി നൽകാതെ ഓൺലൈൻ ഇടപാട് നടത്താനുള്ള അവസരമൊരുക്കി പേയ്മെന്റ് നെറ്റ്‌വർക്ക് കമ്പനിയായ വിസ. ഉപഭോക്താക്കളുടെ  കാർഡ് ടോക്കണൈസ് ചെയ്തിട്ടുണ്ടെങ്കിൽ, കാർഡ് ഹോൾഡർക്ക്,  വെരിഫിക്കേഷനുവേണ്ടി  സിവിവി നൽകാതെ തന്നെ ഓൺലൈൻ ഇടപാടുകൾ നടത്താൻ കഴിയും . ഉപഭോക്താക്കൾക്ക് സുരക്ഷിതമായി ഓൺലൈൻ ട്രാൻസാക്ഷൻ നടത്താൻ സാധിക്കുന്നതരത്തിലാണ് ഓൺലൈൻ ഇടപാടുകൾക്ക് സിവിവി ഫ്രീ സംവിധാനമൊരുക്കിയിരിക്കുന്നത്. ടോക്കണൈസേഷൻ സംബന്ധിച്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായാണ് പുതിയ നീക്കമെന്നും വിസ വാർത്താക്കുറിപ്പിൽ അറിയിച്ചു

വിസ കാർഡുകൾ ഉപയോഗിച്ചുള്ള ഓൺലൈൻ ഇടപാടുകൾക്ക് നിലവിൽ ടോക്കണൈസേഷനാണ് വ്യാപാരികൾ ആശ്രയിക്കുന്നത്. എന്നാൽ സിവിവി ഫീച്ചർ നിലവിൽ വന്നതോടെ,  ഓരോ തവണ ആഭ്യന്തര ഇടപാടുകൾ നടത്തുമ്പോഴും ഉപഭോക്താക്കൾക്ക് അവരുടെ സിവിവി നൽകേണ്ടിവരില്ല. കാർഡ് ടോക്കണൈസുചെയ്യുന്ന സമയത്ത്, കാർഡിന്റെ പിൻഭാഗത്തുള്ള  മൂന്നക്ക നമ്പറും, ആവശ്യമായ വിവരങ്ങളും ബന്ധപ്പെട്ടവർ പരിശോധിച്ചുറപ്പിക്കുന്നുണ്ട്. അതിനാൽ തുടർന്നുള്ള ഇടപാടുകളിൽ വീണ്ടും സിവിവി നൽകാതെ തന്നെ ഇടപാടുകൾ ഈസിയായി നടത്താം.ഇവിടെ ഓരോ ഇടപാടിനും വ്യത്യസ്ത കോഡുകൾ ജനറേറ്റ് ചെയ്യപ്പെടും. അതായത് ഉപഭോക്താവ് സാധനസാമഗ്രികൾ വാങ്ങിക്കുമ്പോൾ ഒരിക്കൽ ജനറേറ്റ് ചെയ്ത കോഡ് മറ്റൊരു സന്ദർഭത്തിൽ ഉപയോഗിക്കാൻ സാധിക്കില്ല.

ഓൺലൈൻ ഇടപാടുകൾ വഴിയുള്ള തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷ മുൻനിർത്തി ആർബിഐ ടോക്കണൈസേഷൻ നടപ്പാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *