കവർച്ച തടയാനുള്ള അത്യാധുനിക സെൻസർ ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങളില്ലാത്ത സഹകരണ സംഘങ്ങളിൽ സ്വർണപ്പണയ ഇടപാടുകൾ നിർത്തിവയ്ക്കാൻ സഹകരണ വകുപ്പ് നിർദേശിച്ചു. സുരക്ഷയുടെ കുറവു മൂലം സംഘത്തിനുണ്ടാകുന്ന നഷ്ടത്തിന്റെ ഉത്തരവാദിത്തം ചീഫ് എക്സിക്യൂട്ടീവ് ഓഫിസർക്കും ഭരണസമിതിക്കുമായിരിക്കും.
പുതുതായി രൂപീകരിക്കുന്ന സംഘങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചെന്നു ബോധ്യപ്പെട്ടാൽ മാത്രമേ സ്വർണപ്പണയം അനുവദിക്കുകയുള്ളൂ.
സംഘങ്ങളുടെ കെട്ടിടങ്ങൾക്കു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിഷ്കർഷിക്കുന്ന സുരക്ഷ വേണം. അതിനു പുറമേ, മുഖംമൂടി ധരിച്ചു വരുന്ന മോഷ്ടാക്കളുടെ ശരീരത്തിലെ അടയാളങ്ങൾ, ടാറ്റൂ, മുറിവുകൾ എന്നിവ പോലും തിരിച്ചറിയാൻ ശേഷിയുള്ള 5ഡി സെൻസറുകൾ, ഗ്ലാസുകൾ തകർന്നാൽ വിവരം അറിയിക്കുന്ന ഗ്ലാസ് ബ്രേക്ക് സെൻസറുകൾ, നുഴഞ്ഞു കയറ്റം ശ്രദ്ധയിൽപെട്ടാൽ വിവരം അറിയിക്കുന്ന മോഷൻ സെൻസറുകൾ, തീയും പുകയും തിരിച്ചറിയുന്ന സ്മോക് സെൻസറുകൾ, ചെറിയ ഇളക്കങ്ങൾ പോലും തിരിച്ചറിയുന്ന ഇൻട്രൂഷൻ അലാം പാനൽ, ചെറിയ ശബ്ദങ്ങൾ പോലും റെക്കോർഡ് ചെയ്യുന്ന ടു വേ ഓഡിയോ സിസ്റ്റം, എടിഎം പോലെയുള്ളവ ഇളക്കിയാൽ വിവരം അറിയിക്കുന്ന ടാംപർ അലെർട് തുടങ്ങിയ സംവിധാനങ്ങളിൽ ഒന്നോ രണ്ടോ എണ്ണമെങ്കിലും സംഘങ്ങളിൽ സ്ഥാപിക്കണം.
സുരക്ഷാ ജീവനക്കാർ ഇല്ലെങ്കിൽ വിമുക്ത ഭടന്മാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കണം.മതിയായ സുരക്ഷാ സംവിധാനങ്ങളുടെ അപാകതയാണു സമീപകാലത്തു സഹകരണ സംഘങ്ങളിലുണ്ടായ മോഷണങ്ങൾക്കു കാരണമെന്നും ഇതു വിശ്വാസ്യതയ്ക്ക് ഇടിവുണ്ടാക്കുമെന്നും വിലയിരുത്തിയാണു നിർദേശങ്ങൾ.