അമേരിക്കയിൽ തകർച്ചയിലായ സിലിക്കൺ വാലി ബാങ്കിൽ (എസ്വിബി) അറുപതോളം ഇന്ത്യൻ സ്റ്റാർട്ടപ് കമ്പനികൾക്ക് നിക്ഷേപമുണ്ടന്ന് റിപ്പോർട്ടുകൾ. കേരളത്തിൽ നിന്നുള്ള കമ്പനികൾക്കും വിദേശ ഫണ്ടിങ് ലഭിച്ച വകയിൽ എസ്വിബി നിക്ഷേപമുണ്ട്.
എന്നാൽ, ആശങ്ക വേണ്ടെന്നും ഇൻഷുറൻസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും മുഴുവൻ പണവും തിരികെ കിട്ടുമെന്നും യുഎസ് ഫെഡറൽ റിസർവും യുഎസ് ട്രഷറിയും ഉറപ്പ് നൽകിയിട്ടുണ്ട്. അമേരിക്കൻ വെഞ്ച്വർ കമ്പനികളുടെ ഫണ്ടിങ് ലഭിച്ച സ്റ്റാർട്ടപ്പുകൾ അവിടെ ബാങ്കിൽ പണം സൂക്ഷിക്കുകയും ആവശ്യാനുസരണം മാത്രം ഇന്ത്യയിലേക്കു കൊണ്ടുവരികയും ചെയ്തിരുന്നു. മാത്രമല്ല എസ്വിബിയിൽ നിന്ന് വായ്പ എടുത്തിട്ടുണ്ടെങ്കിൽ മറ്റ് ഇടപാടുകളെല്ലാം ആ ബാങ്ക് വഴി തന്നെ നടത്തിയിരുന്നു. അങ്ങനെയാണ് കമ്പനികളുടെ പണമെല്ലാം അതേ ബാങ്കിലേക്കു ചെന്നത്.
സിലിക്കൺ വാലി ബാങ്കിന്റെ (എസ്വിബി) തകർച്ചയുടെ ആഘാതം വിലയിരുത്താനായി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ സ്റ്റാർട്ടപ്പുകളുടെ യോഗം ഇന്ന് ചേരും. യുഎസ് ഫെഡറൽ റിസർവിന്റെയടക്കം പ്രസ്താവന വന്ന സ്ഥിതിക്ക് സ്റ്റാർട്ടപ്പുകൾക്കുള്ള വലിയ ഭീഷണി നീങ്ങിയെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇന്ത്യൻ ബാങ്കിങ് സംവിധാനത്തിൽ കൂടുതൽ വിശ്വാസമർപ്പിക്കണം എന്നാണ് ഈ സംഭവത്തിൽ ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്കുള്ള പാഠമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.