സാമ്പത്തിക മാന്ദ്യം ഇന്ത്യയിലും പ്രകടമാകുo, റേറ്റിങ് ഏജൻസിയായ മൂഡീസ്.

സാമ്പത്തിക മാന്ദ്യത്തിന്റെ സ്വാധീനം ഇന്ത്യയിലും പ്രകടമാകുമെന്ന മുന്നറിയിപ്പുമായി  രാജ്യാന്തര റേറ്റിങ് ഏജൻസിയായ മൂഡീസ്. ഈ വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച കുറയുമെന്ന് മൂഡീസ് പറയുന്നു. 7 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. 7.7 ശതമാനം കൈവരിക്കുമെന്ന് മുൻപ് കണക്കാക്കിയിരുന്നു. ആഗോള മാന്ദ്യവും പലിശ നിരക്കിലെ വർധനയുമാണ് വളർച്ച കുറയാൻ കാരണമായി പറയുന്നത്.

ഇത് രണ്ടാം തവണയാണ് മൂഡീസ് വളർച്ചാ നിരക്കിൽ ഇന്ത്യ പിന്നാക്കം പോകുമെന്ന് മുന്നറിയിപ്പ് നൽകുന്നത്. മേയിൽ 8.8 ശതമാനം വളർച്ച പ്രതീക്ഷിച്ചിരുന്നുവെങ്കിലും സെപ്റ്റംബറിൽ ഇത് 7.7 ശതമാനമാക്കി കുറച്ചിരുന്നു. അടുത്ത വർഷം വളർച്ച 4.8 ശതമാനമാകും. 2023ൽ വീണ്ടും ഉയർന്ന് 6.4 ശതമാനത്തിലെത്തുമെന്നും ആഗോള സാമ്പത്തിക രംഗം മാന്ദ്യത്തിന്റെ  വക്കിലാണെന്നും മൂഡീസ് പറയുന്നു. 

യുക്രെയ്ൻ– റഷ്യ യുദ്ധം ബ്രിട്ടനിൽ ഭക്ഷ്യ, ഇന്ധന വിലയിൽ ഗണ്യമായ വർധനയാണ് വരുത്തിയത്. നാണ്യപ്പെരുപ്പം 40 വർഷത്തെ ഏറ്റവും ഉയർന്ന തലത്തിലെത്തി. കഴിഞ്ഞ ആഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 0.75 ശതമാനം  കൂട്ടിയിരുന്നു. സാമ്പത്തിക സ്ഥിരത കൈവരിക്കാൻ കർശന നിയന്ത്രണങ്ങൾ നടപ്പാക്കേണ്ടി വരുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. 

അടുത്ത വർഷം യൂറോ സോൺ മേഖലയും  മാന്ദ്യത്തിന്റെ പിടിയിലാകുമെന്ന് യൂറോപ്യൻ യൂണിയൻ എക്സിക്യൂട്ടിവ് കമ്മിഷൻ പുറത്തിറക്കിയ സാമ്പത്തിക അവലോകനത്തിൽ പറയുന്നു. യൂറോ കറൻസി ഉപയോഗിക്കുന്ന 19 രാജ്യങ്ങളുടെ സാമ്പത്തിക വളർച്ച ഇടിയും. നാണ്യപ്പെരുപ്പ നിരക്ക് കൂടുന്നതും ഇന്ധന വിലക്കയറ്റവും ജീവിതച്ചെലവിൽ വന്ന വർധനയുമാണ് കാരണങ്ങൾ.  ഈ വർഷം അവസാന മൂന്നു മാസവും അടുത്ത വർഷം ആദ്യവും സാമ്പത്തിക രംഗം കനത്ത വെല്ലുവിളിയാവും നേരിടുക. 2023ൽ 0.3 ശതമാനം വളർച്ചയാണ് കണക്കാക്കുന്നത്. ജൂലൈയിൽ 1.4 ശതമാനം പ്രതീക്ഷിച്ച സ്ഥാനത്താണിത്.  

കനത്ത പ്രഹരം ഏൽക്കേണ്ടി വരുന്നത് ജർമനിക്കാവും. പ്രകൃതി വാതകത്തിനായി റഷ്യയെ ആണ് ജർമനി ആശ്രയിച്ചത്. യുദ്ധത്തെത്തുടർന്ന് റഷ്യയിൽ നിന്നുള്ള ഇറക്കുമതി  കുറഞ്ഞതോടെ ഇന്ധന വില കുതിച്ചു കയറി. ഇതോടെ സാമ്പത്തിക വളർച്ച 0.6 ശതമാനമായി കുറയുമെന്നും കണക്കാക്കുന്നു. യൂറോ സോണിൽ അടുത്ത വർഷം നാണ്യപ്പെരുപ്പം ശരാശരി നിലവാരമായ 6.1  ശതമാനത്തിൽ എത്തുമെന്നാണ് വിലയിരുത്തൽ. ഈ വർഷം 8.5 ശതമാനവും.

Leave a Reply

Your email address will not be published. Required fields are marked *