കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു രക്ഷപ്പെടാൻ ശ്രീലങ്കയ്ക്ക് 300 കോടി ഡോളർ (24,788 കോടി രൂപ) വായ്പ നൽകാൻ രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) എക്സിക്യൂട്ടീവ് ബോർഡ് അനുമതി നൽകി. കടക്കെണിയിലായ ശ്രീലങ്കയുടെ ഭരണം നിരീക്ഷിച്ച് വേണ്ട പരിഷ്കാരങ്ങൾ വരുത്താനും അഴിമതിമുക്തമാക്കാനും ഐഎംഎഫ് നിർദേശം നൽകും.
എക്സ്റ്റെൻഡഡ് ഫണ്ട് ഫസിലിറ്റി അനുസരിച്ച് 48 മാസത്തിൽ പൂർത്തിയാകുന്ന സഹായമാണ് അനുവദിച്ചിട്ടുള്ളത്. സാമ്പത്തിക സഹായത്തിന് ഐഎംഎഫിന്റെ ഭരണ നിരീക്ഷണ നടപടികൾക്കു വഴങ്ങുന്ന ആദ്യ ഏഷ്യൻ രാജ്യമാണ് ശ്രീലങ്ക. സഹായത്തിന്റെ ആദ്യ ഗഡുവായ 33 കോടി ഡോളർ 2 ദിവസത്തിനുള്ളിൽ ലഭിക്കും. സാമ്പത്തിക പ്രതിസന്ധി സമൂഹത്തിന്റെ പ്രതിസന്ധിയായി മാറിയ ശ്രീലങ്കയ്ക്ക് വലിയ ആശ്വാസമാകുന്നതാണ് ഐഎംഎഫ് സഹായം
മറ്റ് രാജ്യാന്തര ഏജൻസികളിൽ നിന്ന് കൂടുതൽ സഹായം ലഭിക്കാനും ഇതു സഹായിക്കും. ഐഎംഎഫ് വായ്പ ലഭിക്കുന്നതിനായി അവരുടെ നിബന്ധനകൾ അനുസരിച്ച് നികുതിയും സർക്കാർ സേവനങ്ങളുടെ ഫീസും ശ്രീലങ്ക വർധിപ്പിച്ചിരുന്നു. നാണ്യപ്പെരുപ്പം ഇപ്പോഴത്തെ 54 ശതമാനത്തിൽ നിന്ന് 12–18 ശതമാനമായി കുറയ്ക്കേണ്ടതുണ്ട്. രാജ്യത്തെ രക്ഷിക്കുന്നതിനായി ഇനിയും കടുത്ത തീരുമാനങ്ങൾ വേണ്ടിവരുമെന്ന് പ്രസിഡന്റ് റനിൽ വിക്രമസിംഗെ പറഞ്ഞു