നമുക്ക് വിദ്യാഭ്യാസം മാത്രം ഉണ്ടായതു കൊണ്ടായില്ല ,സാമ്പത്തിക സാക്ഷരതയും കൂടിവേണം. അമിത വാഗ്ദാനങ്ങൾ നൽകുമ്പോൾ അത് പ്രാവർത്തികമാണോ എന്ന് സാമ്പത്തിക സാക്ഷരതയിലൂടെ മാത്രമേ അറിയാനാകൂ. രാഷ്ട്രീയക്കാരും സിനിമാതാരങ്ങളും സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തികളും പറഞ്ഞതുകൊണ്ടു മാത്രം യുക്തിസഹമല്ലാത്ത വാഗ്ദാനങ്ങളിൽ വിശ്വസിച്ച് നാം കഷ്ടപ്പെട്ട് അധ്വാനിച്ച് ഉണ്ടാക്കുന്ന പണം നഷ്ടപ്പെടുത്തി പിന്നെ സങ്കടപെട്ടിട്ട് ഒരു കാര്യവും ഇല്ല
പെട്ടെന്ന് പണക്കാരനാകാനുള്ള മോഹമാണ് നമ്മെ ഇത്തരം സങ്കേതങ്ങളിൽ എത്തിക്കുന്നത്. നമ്മുടെ നാട്ടിൽ ആർ ബി ഐ നിയന്ത്രണത്തിലുള്ള പൊതുമേഖലാ ബാങ്കുകളും സ്വകാര്യ മേഖലാ ബാങ്കുകളും ഇവയ്ക്കു പുറമെ തപാലാപ്പീസുകളും സംസ്ഥാന ട്രഷറികളുമുണ്ട്. ഇവയ്ക്കെല്ലാം ശക്തമായ നിയന്ത്രണ സംവിധാനങ്ങളുണ്ട്. സെബിയുടെ നിയന്ത്രണത്തിലുള്ള നല്ല മ്യൂച്വൽ ഫണ്ട് കമ്പനികളും വളർച്ചാ സാധ്യതയുള്ള പദ്ധതികളും ഉണ്ട്. എന്നിട്ടും പണത്തോടുള്ള ആർത്തി മൂത്ത് ഇത്തരം കറക്കുകമ്പനികളിൽ പണം നിക്ഷേപിക്കാനൊരുങ്ങുന്നു. മുതലിന്റെ സുരക്ഷിതത്വത്തേക്കാൾ ഏറെ പലിശ നേട്ടത്തിന് പ്രാധാന്യം നൽകുന്നു. അമിത പലിശ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളെ കരുതലോടെ വേണം സമീപിക്കാൻ. ആർബിഐ യുടെ റീപ്പോ നിരക്കിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകൾ പലിശ നിരക്ക് നിർണയിക്കുന്നത്. ബാങ്ക് പലിശയെക്കാൾ വളരെ കൂടുതൽ നേട്ടം വാഗ്ദാനം ചെയ്യുമ്പോൾ അതിൽ ചതി ഒളിഞ്ഞിരിപ്പുണ്ടെന്ന് ഓർക്കണം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തിയാണ് ആർബിഐ റീപ്പോ നിരക്ക് തീരുമാനിക്കുന്നത്.
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
പൊതുമേഖലാ ബാങ്കുകൾ, മറ്റു സ്വകാര്യ മേഖലാ ബാങ്കുകൾ, പോസ്റ്റോഫീസ്, സംസ്ഥാന ട്രഷറി, സഹകരണ ബാങ്കുകൾ എന്നിവയുടെ പലിശ നിരക്കിനെക്കുറിച്ച് ധാരണയുണ്ടായിരിക്കണം.
ധനസമ്പാദനത്തെക്കുറിച്ചും വിവിധ നിക്ഷേപ പദ്ധതികളെക്കുറിച്ചും അവ നൽകുന്ന നേട്ടങ്ങളെക്കുറിച്ചുമുള്ള സാമാന്യ അവബോധം നമുക്ക് ഉണ്ടായിരിക്കണം.
ബാങ്ക് നിക്ഷേപം, സ്വർണം, ഓഹരി തുടങ്ങിയ വിവിധ അസറ്റ്ക്ലാസ് നിക്ഷേപ മാർഗങ്ങളെക്കുറിച്ചുള്ള താരതമ്യ പഠനവും ആവശ്യമാണ്
യുക്തിസഹമല്ലാത്ത നേട്ടങ്ങൾ വാഗ്ദാനം ചെയ്യുമ്പോൾ അത് പ്രായോഗികമല്ലെന്ന് തിരിച്ചറിയണം.
നിക്ഷേപിക്കുന്ന സ്ഥാപനത്തെക്കുറിച്ച് നല്ല ബോധ്യം ഉണ്ടായിരിക്കണം. നിക്ഷേപ സ്ഥാപനങ്ങളുടെ മുൻകാല പ്രവർത്തനങ്ങൾ വിലയിരുത്തണം.
റിസർവ്ബാങ്ക് നിയന്ത്രണം, നിക്ഷേപ ഗ്യാരണ്ടി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ചോദിച്ചറിയണം.
ലഭിക്കുന്ന നേട്ടത്തേക്കാൾ ഏറെ മുതലിന്റെ സുരക്ഷിതത്വത്തിന് ഊന്നൽ നൽകണം.