രാജ്യത്തെ സാധാരണക്കാർക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കാനും മുൻകൂട്ടിക്കാണാനാകാത്ത അപകടങ്ങൾ, നഷ്ടങ്ങൾ, സാമ്പത്തിക അനിശ്ചിതത്വങ്ങൾ എന്നിവയിൽ നിന്നുള്ള സംരക്ഷണം സാധാരണക്കാരിലേക്ക് എത്തിക്കാനും ആണ് കേന്ദ്രം പദ്ധതികൾ ആരംഭിച്ചത്. ഏറ്റവും ചെറിയ മുതൽമുടക്കിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുനൽകുന്ന പദ്ധതികളിൽ അംഗമാകാത്തവർക്ക് ഇനിയും അവസരമുണ്ട്.
പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന
ഒരു വർഷം കാലാവധിയുള്ള ലൈഫ് ഇൻഷുറൻസ് പദ്ധതിയാണിത്. വർഷം തോറും പുതുക്കാനാകും. മരണം സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.18 മുതൽ 50 വരെ പ്രായമുള്ളവരുമായ വ്യക്തികൾക്ക് പദ്ധതിയിൽ ചേരാം. 50 വയസ്സു തികയുന്നതിന് മുൻപ് പദ്ധതിയിൽ ചേരുന്നവർക്ക് വരിസംഖ്യ കൃത്യമായി അടച്ചാൽ 55 വയസ്സുവരെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനാകും. പ്രതിവർഷം 436 രൂപയാണ് വരിസംഖ്യ. ബാങ്കുകളുടെ ശാഖകൾ വഴിയോ വെബ്സൈറ്റ് വഴിയോ പോസ്റ്റ് ഓഫിസുകൾ വഴിയോ അംഗത്വമെടുക്കാം. . അക്കൗണ്ടിൽ നിന്ന് എല്ലാ വർഷവും വരിസംഖ്യ ഡെബിറ്റ് ചെയ്യപ്പെടും. പദ്ധതിയെയും അപേക്ഷ ഫോമിനെയും കുറിച്ചുള്ള വിശദവിവരങ്ങൾ https://jansuraksha.gov.in ൽ ലഭ്യമാണ്. വിശദാംശങ്ങൾ മലയാളത്തിലും ലഭ്യമാണ്.
പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന
ഒരു വർഷം കാലാവധിയുള്ള അപകട ഇൻഷുറൻസ് പദ്ധതിയാണിത്. വർഷം തോറും പുതുക്കാം. അപകടം മൂലം മരണമോ അംഗവൈകല്യമോ സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.ബാങ്കിലോ പോസ്റ്റ് ഓഫിസിലോ വ്യക്തിഗത അക്കൗണ്ട് ഉള്ളവർക്ക് അംഗമാകാം. 18 മുതൽ 70 വരെ പ്രായമുള്ളവരുമായ വ്യക്തികൾക്ക് പദ്ധതിയിൽ ചേരാം. പ്രതിവർഷം 20 രൂപ മാത്രമാണ് വരിസംഖ്യ.
അപകടം മൂലം മരണമോ അംഗവൈകല്യമോ സംഭവിച്ചാൽ 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും (ഭാഗിക വൈകല്യത്തിന് ഒരു ലക്ഷം രൂപ).
അടൽ പെൻഷൻ യോജന
എല്ലാ ഇന്ത്യക്കാർക്കും പ്രത്യേകിച്ച്, ദരിദ്ര-പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്കും അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുമായി ആരംഭിച്ച പദ്ധതിയാണിത്. 18 മുതൽ 40 വരെ പ്രായമുള്ള, ആദായനികുതി നൽകേണ്ടാത്ത, എല്ലാ ബാങ്ക് അക്കൗണ്ട് ഉടമകൾക്കും പദ്ധതിയിൽ അംഗമാകാം. തിരഞ്ഞെടുക്കുന്ന പെൻഷൻ തുകയെ അടിസ്ഥാനമാക്കി വരിസംഖ്യയിൽ വ്യത്യാസമുണ്ട്.
പദ്ധതിയിൽ ചേർന്നതിനു ശേഷം അടച്ച തുക അടിസ്ഥാനമാക്കി, 60 വയസ്സാകുമ്പോൾ വരിക്കാർക്ക് 1000, 2000, 3000, 4000, 5000 രൂപ എന്നിങ്ങനെ കുറഞ്ഞ പ്രതിമാസ പെൻഷൻ ലഭിക്കും. മരണശേഷം പങ്കാളിക്കും പെൻഷൻ ലഭിക്കും. അവരുടെ മരണശേഷം, വരിക്കാരൻ 60 വയസ്സുവരെ അടച്ച തുക അവകാശിക്ക് തിരികെ നൽകും. വരിക്കാരന് അകാല മരണം സംഭവിക്കുകയാണെങ്കിൽ (60 വയസ്സിനു മുൻപുള്ള മരണം), വരിക്കാരന് 60 വയസ് തികയുന്നതുവരെയുള്ള കാലയളവിലേക്ക് പങ്കാളിക്ക് പണമടയ്ക്കൽ തുടരാം. 5 കോടിയിലധികം പേർ പദ്ധതിയിൽ അംഗങ്ങളായിട്ടുണ്ട്. മിനിമം പെൻഷൻ കേന്ദ്ര സർക്കാർ ഉറപ്പുനൽകും.