സഹകരണ ബാങ്കുകൾ സ്വർണ പണയ വ്യവസ്ഥകൾ കൂടുതൽ സുതാര്യമാകുന്നു

കേരളത്തിലെ സഹകരണ ബാങ്ക്/ സഹകരണ സംഘങ്ങളിലെ സ്വർണ പണയ വ്യവസ്ഥകൾ കൂടുതൽ സുതാര്യമാകുന്നു. വായ്പക്കാരനും ബാങ്കുമായി കൂടുതൽ ആശയ വിനിമയം ഇക്കാര്യത്തിലുണ്ടാകും. പണയം വച്ച സ്വർണത്തിന്റെ വില കുറയുമ്പോൾ അക്കാര്യം വായ്പ എടുത്ത വ്യക്തിയെ അറിയിക്കാനും ഭാഗികമായി പണമടച്ച് ലേലത്തിൽ നടപടികൾ നീട്ടിവയ്ക്കാനും മാർഗരേഖയിൽ വ്യവസ്ഥയുണ്ട്. സഹകരണ വകുപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഇതു സംബന്ധിച്ച മാർഗ നിർദേശങ്ങൾ വായ്പക്കാരനും ബാങ്കിനും ഒരുപോലെ ഗുണകരമാണ്

സഹകരണ ബാങ്കുകളിൽ പണയമായി നൽകുന്ന സ്വർണം ലേലം ചെയ്യുന്നതിനുള്ള നിർദേശങ്ങൾ മാർഗരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രസിഡന്റ്, ചീഫ് എക്സിക്യൂട്ടീവ് (സെക്രട്ടറി), രണ്ടു ഭരണസമിതി അംഗങ്ങൾ, ഒരു മുതിർന്ന ജീവനക്കാരൻ എന്നിവർ അടങ്ങിയ ഉപസമിതിക്കാണ് ലേലത്തിന്റെ ചുമതല. സ്വർണ വില ഇടിയുമ്പോൾ ബാങ്കിനു നഷ്ടം ഉണ്ടാകുന്നുവെന്ന് കണ്ടാൽ അക്കാര്യം ഉപസമിതിയെ അറിയിക്കണം. കുറവു നികത്തുന്നതിനാവശ്യമായ പണം അടയ്ക്കാനോ അധിക സ്വർണം ഈടു നൽകാനോ വായ്പക്കാരനോട് ആവശ്യപ്പെടാം. ഇതുമൂലം ബാങ്കുകളുടെ  നഷ്ടം ഒഴിവാക്കാം.

അധിക ഈടു നൽകാൻ വായ്പക്കാരൻ തയ്യാറായില്ലെങ്കിൽ 14 ദിവസം സമയം അനുവദിച്ച്  നോട്ടീസ് നൽകും. കൂടിശികയുടെ പകുതി അടച്ച ശേഷം ബാക്കി 30 ദിവസത്തിനുള്ളിൽ നൽകാമെന്നു രേഖാമൂലം അറിയിച്ച് ലേല നടപടികൾ മാറ്റാം. നിശ്ചിത സമയപരിധിക്കുള്ളിൽ തുക അടച്ചില്ലെങ്കിൽ നോട്ടീസ് നൽകി പണയ സ്വർണം ലേലം ചെയ്യാം. സ്വർണത്തിന്റെ ലേലത്തുക 30 ദിവസത്തെ ശരാശരി വിപണി വിലയുടെ 85 ശതമാനത്തിൽ കുറയാൻ പാടില്ലെന്ന വ്യവസ്ഥയും ഉണ്ട്.

ഇനി മുതൽ ഓരോ വായ്പക്കാരന്റെയും സ്വർണ ഉരുപ്പടികൾ വെവ്വേറെ ലേലം ചെയ്യണം. നിലവിലെ രീതിയനുസരിച്ച്  കുടിശികയുള്ള എല്ലാ വായ്പക്കാരുടെയും സ്വർണം ഒന്നിച്ചു കൂട്ടിയാണ് ലേലം ചെയ്യുന്നത്. പുതിയ മാർഗരേഖയനുസരിച്ച് ഈ സമ്പ്രദായം ഇനി നടക്കില്ല. ഓരോ വായ്പക്കാരന്റെയും സ്വർണം വെവ്വേറെ ലേലത്തിനു വച്ച് മൂല്യം കണക്കാക്കണം. തന്റെ പണയ സ്വർണത്തിന്റെ ലേല നടപടികൾ വായ്പക്കാരൻ ആവശ്യപ്പെട്ടാൽ നൽകാനും ബാങ്ക് ബാധ്യസ്ഥമാണ്. കാലികമായി സ്വർണ വിലയിലുണ്ടാകുന്ന അന്തരം മൂലം  സംഭവിക്കുന്ന നഷ്ടം ഒഴിവാക്കുന്നതിലൂടെ ബാങ്കിന്റെ സാമ്പത്തിക നില ഭദ്രമാക്കാം. ഇത് ബാങ്കിലെ മറ്റു നിക്ഷേപകർക്കും ഗുണം ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *