സഹകരണ ബാങ്കുകള്‍ക്ക് മേലുള്ള നിരീക്ഷണം ശക്തമാക്കി റിസര്‍വ് ബാങ്ക്.

സഹകരണ ബാങ്കുകള്‍ക്ക് മേലുള്ള നിരീക്ഷണം ശക്തമാക്കി റിസര്‍വ് ബാങ്ക്. ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ വര്‍ഷം ഇതുവരെ 8 സഹകരണബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി.120 തവണ വിവിധ ബാങ്കുകള്‍ക്ക് പിഴ ചുമത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 2022-23 സാമ്പത്തിക വര്‍ഷം 8 സഹകരണ ബാങ്കുകളുടെ ലൈസന്‍സ് ആണ് റദ്ദാക്കിയത്. 114 തവണ പിഴയും ചുമത്തി. 25,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെയാണ് പിഴ ഈടാക്കുന്നത്.നിയമ പ്രകാരമുള്ള മൂലധനത്തിന്‍റെ അപര്യാപ്തത, ബാങ്കിംഗ് റെഗുലേഷന്‍ നിയമങ്ങളുടെ ലംഘനം, വരുമാന സാധ്യതകളുടെ അഭാവം എന്നിവയാണ് സഹകരണ ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കലിലേക്ക് നയിച്ചത്.

കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലെ വീഴ്ച, ആര്‍ബിഐയുടെ അനുമതി ഇല്ലാതെയുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കല്‍, കറന്‍റ് അകൗണ്ടിലെ ബാലന്‍സ് തുകയ്ക്ക് പലിശ നല്‍കാതിരിക്കുക, തുടങ്ങിയ വീഴ്ചകളാണ് പല ബാങ്കുകള്‍ക്കെതിരെയും പിഴ ചുമത്തുന്നതിന് കാരണം.നടപടിയെടുക്കുന്നതിന് റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സഹകരണ ബാങ്കുകളുടെ തകര്‍ച്ചയ്ക്ക് വഴിവെക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് 351 ജില്ലാ സഹകരണ ബാങ്കുകളാണ് പ്രവര്‍ത്തിക്കുന്നത്. 3.3 ലക്ഷം കോടിയുടെ വായ്പ നല്‍കിയ ഈ ബാങ്കുകളില്‍ ആകെ 4.12 കോടിയുടെ നിക്ഷേപം ഉണ്ട്. ആകെ 11 ശതമാനമാണ് ഈ ബാങ്കുകളുടെ കിട്ടാക്കടം. സംസ്ഥാന സഹകരണ ബാങ്കുകളില്‍ ആകെ 2.4 ലക്ഷം കോടിയുടെ നിക്ഷേപവും അത്ര തന്നെ വായ്പയും ഉണ്ട്. 6 ശതമാനമാണ് ഇവയുടെ കിട്ടാക്കടം.

Leave a Reply

Your email address will not be published. Required fields are marked *