സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഊർജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഊർജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു. വൻകിട ഊർജ ഉപയോക്താക്കളുടെ വിഭാഗത്തിൽ ആലുവ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (എഫ്എസിടി), കോഴിക്കോട് പികെ സ്റ്റീൽ കാസ്റ്റിങ്സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾ അവാർഡ് (ഒരു ലക്ഷം രൂപ) പങ്കിട്ടു. ഇടത്തരം ഊർജ ഉപയോക്താക്കളുടെ വിഭാഗത്തിൽ (ഒരു ലക്ഷം രൂപ) ആലപ്പുഴ വി‌കെഎൽ സീസണിങ് പ്രൈവറ്റ് ലിമിറ്റഡ് ജേതാക്കളായി. എംആർസിഎംപിയു ലിമിറ്റഡ് മിൽമ വയനാട് ഡെയറി ഈ വിഭാഗത്തിലും തൃശൂർ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡ് ചെറുകിട ഊർജ ഉപയോക്താക്കളുടെ വിഭാഗത്തിലും പ്രശസ്തി പത്രം നേടി.

കെട്ടിട വിഭാഗത്തിൽ മാർ സ്ലീവ മെഡിസിറ്റി പാലാ, സംഘടനകൾ / സ്ഥാപനങ്ങൾ വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജ് ഓഫ് എൻജിനീയറിങ് എന്നിവ അവാർഡ് (ഒരു ലക്ഷം രൂപ വീതം) നേടി. ജല അതോറിറ്റി ഈ വിഭാഗത്തിൽ പ്രശസ്തി പത്രം നേടി. ഊർജ കാര്യക്ഷമത കൂടിയ ഉപകരണങ്ങളുടെ പ്രമോട്ടർമാർ എന്ന വിഭാഗത്തിൽ എറണാകുളം വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് അവാർഡും (50000 രൂപ) തൃശൂർ ഹൈക്കോൺ ഇന്ത്യ ലിമിറ്റഡ് പ്രശസ്തി പത്രവും നേടി. ആർക്കിടെക്ചറൽ സ്ഥാപനങ്ങൾ / ഗ്രീൻ ബിൽഡിങ് കൺസൽറ്റൻസി വിഭാഗത്തിൽ എറണാകുളം എഫ്5 സസ്റ്റെയ്നബിലിറ്റി കൺസൽറ്റന്റ്സ് പ്രശസ്തി പത്രം നേടി.

Leave a Reply

Your email address will not be published. Required fields are marked *