സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻ കാർക്കുമുള്ള ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആശ്രിതരെ ചേർക്കുന്നത് നിർത്തിവച്ചു. അതേസമയം നവജാത ശിശുക്കൾ വിവാഹം കഴിഞ്ഞവർ എന്നിവർക്ക് ഇക്കാര്യത്തിൽ ഇളവുണ്ട്. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുമായി സർക്കാർ ഒപ്പുവച്ച ധാരണാപത്ര പ്രകാരം ഗുണഭോക്താക്കുളുടെ പട്ടിക തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും ആറു മാസത്തിനകം പൂർത്തിയാക്കി സമർപ്പിക്കണമെന്നായിരുന്നു വ്യവസ്ഥ. അതിനു ശേഷം ഡാറ്റാബേസിൽ കൂട്ടിച്ചേർക്കലുകളോ തിരുത്തലുകളോ അനുവദനീയമല്ല. ഇതനുസരിച്ച് തിരുത്തലുകൾ/ കൂട്ടിച്ചേർക്കലുകൾ വരുത്താൻ 2022 ഓഗസ്റ്റ് 25 വരെ സമയം അനുവദിച്ചിരുന്നു. അതു വരെയുള്ള മെഡിസെപ് പദ്ധതിയിൽ ഉൾപ്പെട്ട അംഗങ്ങളുടെ പട്ടിക സർക്കാർ ഇൻഷുറൻസ് കമ്പനിക്ക് കൈമാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിലവിലുള്ള ആശ്രിതരെ പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള അപേക്ഷകൾ പരിഗണിക്കില്ല.
നവജാത ശിശുക്കളെ 180 ദിവസത്തിനുള്ളിലും വിവാഹിതർ 30 ദിവസത്തിനുള്ളിലും പേരുകൾ ചേർക്കാനുള്ള അപേക്ഷകൾ ബന്ധപ്പെട്ട ഡിഡിഒ മാർക്ക് നൽകണം.
മെഡിസെപ് പദ്ധതിയെക്കുറിച്ച് തപാലിലൂടെയും ഇ മെയിലിലൂടെയും ലഭിക്കുന്ന പരാതികൾ സ്വീകരിക്കില്ല. ധനകാര്യ ഹെൽത്ത് ഇൻഷുറൻസ് വിഭാഗത്തിലും ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയിലും നേരിട്ട് ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. പരാതികൾ ഉള്ളവർ മെഡിസെപ് വെബ് സൈറ്റിലെ Grievance ലിങ്കിൽ പ്രവേശിച്ച് Leval – 1, Leval – 2 മെനുവിലെ നിർദ്ദേശങ്ങൾ അനുസരിച്ച് സമർപ്പിക്കണം.
മെഡിസെപ് പദ്ധതിയിൽ എം പാനൽ ചെയ്യാത്ത ആശുപത്രികളിൽ നിന്നും അടിയന്ത ചികിത്സയ്ക്ക് റീ ഇമ്പേഴ്സ്മെന്റ് ലഭിക്കും. വാഹനാപകടം, പക്ഷാഘാതം, ഹൃദയാഘാതം എന്നീ അടിയന്തര സാഹചര്യങ്ങളിൽ ഈ സൗകര്യം അനുവദനീയമാണ്. മെഡിസെപ് സൈറ്റിലെ downloads ലിങ്കിൽ നിന്നു ലഭിക്കുന്ന അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം medisep@orientalinsurance.co.in എന്ന ഇ മെയിൽ വിലാസത്തിൽ ഇൻഷുറൻസ് കമ്പനിക്ക് സമർപ്പിക്കണം. അപേക്ഷയുടെ പകർപ്പ് info.medisep@kerala.gov.in എന്ന വിലാസത്തിലും അയക്കണം