ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് എടുക്കാവുന്ന വായ്പയാണ് കേന്ദ്ര സര്‍ക്കാർ വെട്ടിച്ചുരുക്കിയത്. 32440 കോടി രൂപ വായ്പ പരിധി നിശ്ചയിച്ച് നൽകിയിരുന്നെങ്കിലും 15390 കോടി രൂപക്ക് മാത്രമാണ് അനുമതിയുള്ളത്. കിഫ്ബിയുടേയും പൊതുമേഖല സ്ഥാപനങ്ങളുടെയും വായ്പയുടെ പേരിലാണ് നടപടി. സംസ്ഥാനങ്ങൾക്ക് എടുക്കാവുന്ന വായ്പാ പരിധി ഓരോ സാമ്പത്തിക വര്‍ഷത്തിന്റേയും തുടക്കത്തിൽ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച് നൽകുന്നതാണ്.
സംസ്ഥാന സർക്കാരിന്റെ വായ്പാ പരിധി വെട്ടിച്ചുരുക്കിയ കേന്ദ്രസർക്കാർ നടപടിയുടെ കാരണം തേടി കേന്ദ്ര സർക്കാരിന് കത്തയക്കും. എന്ത് കാരണം കൊണ്ടാണ് വായ്പാ പരിധി വെട്ടിക്കുറച്ചതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നില്ല. ഇതറിയാൻ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി കേന്ദ്ര ധനമന്ത്രാലയത്തെ ബന്ധപ്പെട്ടു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത തേടി മുഖ്യമന്ത്രി പിണറായി വിജയനോ ധനമന്ത്രി കെഎൻ ബാലഗോപാലോ കേന്ദ്ര ധനമന്ത്രിക്ക് കത്തയക്കുമെന്നാണ് വിവരം. അതേസമയം വായ്പാ പരിധി ഇനിയും ചുരുക്കുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
നേരത്തെ കേന്ദ്രം 32440 കോടി രൂപ പരിധി നിശ്ചയിച്ച് നൽകിയെങ്കിലും വായ്പ എടുക്കാൻ അനുമതി നൽകിയത് 15390 കോടി രൂപയ്ക്ക് മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇത് 23000 കോടി രൂപയായിരുന്നു. അതായത് കഴിഞ്ഞ വര്‍ഷത്തെ കണക്ക് വച്ച് നോക്കിയാൽ വീണ്ടും 8000 കോടി രൂപയുടെ കുറവുണ്ടായി. കിഫ്ബി പദ്ധതി നടത്തിപ്പിന് വേണ്ടിയെടുത്ത വായ്പകളും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളെടുത്ത വായ്പയുമെല്ലാം സംസ്ഥാനത്തിന്റെ മൊത്തം ബാധ്യതയായി കണക്കാക്കിയാണ് വായ്പാ പരിധിയിൽ കേന്ദ്ര സര്‍ക്കാർ കടും വെട്ട് വെട്ടിയത്.
ഈ വര്‍ഷം ഡിസംബര്‍ വരെയുള്ള ഒമ്പത് മാസം എടുക്കാവുന്ന വായ്പ തുകക്ക് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കേന്ദ്രത്തെ സമീപിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് നടപ്പ് സാമ്പത്തിക വര്‍ഷം ആകെ എടുക്കാവുന്ന തുക സംബന്ധിച്ച കേന്ദ്രത്തിന്റെ അറിയിപ്പ്. ക്ഷേമ പെൻഷൻ വിതരണം അടക്കമുള്ള കാര്യങ്ങൾക്ക് ഇപ്പോൾ തന്നെ ഗുരുതര പ്രതിസന്ധി നേരിടുകയാണ്. വായ്പാ പരിധി പകുതിയോളം കുറച്ചതോടെ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക നില കൂടുതൽ പരുങ്ങലിലാകും.