സംസ്ഥാനത്ത് സ്വർണവില കുറയുന്നു. പവന് 45,760 രൂപ വരെ ഉയർന്ന വില 42,080 രൂപയിലേക്ക് ഇടിഞ്ഞു. അമേരിക്കൻ ഡോളർ കൂടുതൽ കരുത്താർജിക്കുന്നതാണ് സ്വർണവില ഇടിയാൻ കാരണം. ട്രോയ് ഔൺസിന് 2077 ഡോളർ വരെ ഉയർന്ന വില ഇപ്പോൾ 1817 ആയി കുറഞ്ഞു. ഏതാണ്ട് 250 ഡോളറിന്റെ ഇടിവ്. എന്നാൽ, ഡോളർ ശക്തമാകുന്നതിനനുസരിച്ച് രൂപയുടെ മൂല്യം കുറയുന്നതിനാൽ ആഭ്യന്തര വിപണിയിൽ വിലക്കുറവ് അതേ അനുപാതത്തിൽ ഉപയോക്താക്കൾക്കു ലഭ്യമാകുന്നില്ല.
രാജ്യാന്തര വിലയോടൊപ്പം രൂപയുടെ വിനിമയ നിരക്കുകൂടി കണക്കിലെടുത്ത് പ്രതിദിനം സ്വർണവില നിശ്ചയിക്കുന്നതിനാലാണിത്. ഡോളറിനെതിരെ 83.20 എന്ന നിലവാരത്തിലാണ് രൂപ. ഉത്സവ സീസണിൽ വില കുറഞ്ഞതോടെ വിപണിയിൽ തിരക്കേറി. സ്വർണത്തോടൊപ്പം മറ്റ് മൂല്യമേറിയ ലോഹങ്ങളുടെ വിലയും ഇടിയുകയാണ്. വെള്ളിവില 1.5 വർഷത്തെ താഴ്ന്ന നിലവാരത്തിലാണ്. ഒരു കിലോഗ്രാമിന്റെ വിലയിൽ ഒരാഴ്ചകൊണ്ട് 8000 രൂപയാണ് ഇടിഞ്ഞത്.