സംസ്ഥാനത്ത് ഫെബ്രുവരി 1 മുതൽ മേയ് 31 വരെ വൈദ്യുതി നിരക്ക് കൂടും

സംസ്ഥാനത്ത് ഫെബ്രുവരി 1 മുതൽ മേയ് 31 വരെ വൈദ്യുതി നിരക്ക് യൂണിറ്റിന് 9 പൈസ കൂടും. മാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് വർധന ബാധകമല്ല. മറ്റുള്ളവരിൽനിന്ന് യൂണിറ്റിന് 9 പൈസ വീതം 4 മാസത്തേക്ക് ഇന്ധന സർചാർജ് പിരിച്ചെടുക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടു.

കഴിഞ്ഞ വർഷം ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിന് ബോർഡിന് അധികം ചെലവായ 87.07 കോടി രൂപയാണ് ഇത്തരത്തിൽ പിരിച്ചെടുക്കുന്നത്. സർചാർജ് തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തും. യൂണിറ്റിന് 14 പൈസ സർചാർജ് ചുമത്തണമെന്നായിരുന്നു വൈദ്യുതി ബോർ‍ഡിന്റെ ആവശ്യം.

2021 ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയും കഴിഞ്ഞവർഷം ജനുവരി 1 മുതൽ മാർച്ച് 31 വരെയുമുള്ള കാലയളവുകളിലേക്ക് യൂണിറ്റിനു 3 പൈസ വീതം സർചാർജ് ചുമത്തണമെന്നും ബോർഡ് ആവശ്യപ്പെട്ടിരുന്നു. ഇതു തൽക്കാലം പരിഗണിക്കേണ്ടെന്നും ബോർഡിന്റെ കണക്കുകൾ ശരിപ്പെടുത്തുന്ന സമയത്തു പരിഗണിച്ചാൽ മതിയെന്നും കമ്മിഷൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *