വ്യവസായ മേഖല അടിസ്ഥാനമാക്കി സംസ്ഥാനത്ത് പുതിയ തോട്ടം നയം രൂപീകരിക്കാൻ സർക്കാർ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി മുഴുവൻ തോട്ടങ്ങളുടെയും തോട്ടവിളകളുടെയും സ്ഥിതിയെക്കുറിച്ച് കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്(ഐഐഎം) സമഗ്ര പഠനം ആരംഭിച്ചു. 6 മാസത്തിനകം പഠനം പൂർത്തിയാക്കണമെന്നാണ് വ്യവസായ വകുപ്പിന്റെ നിർദേശം. 90.27 ലക്ഷം രൂപ (ജിഎസ്ടി ഉൾപ്പെടെ)യാണ് ഐഐഎമ്മിന് സർക്കാർ നൽകുക.
തോട്ടം മേഖലയിലെ പ്രശ്നങ്ങൾ, പരിഹാര മാർഗങ്ങൾ, വരുത്തേണ്ട മാറ്റങ്ങൾ, സർക്കാർ ഇടപെടലുകൾ ആവശ്യമായ മേഖലകൾ, ഇതര സംസ്ഥാനങ്ങളിലെ തോട്ടങ്ങളുടെ സ്ഥിതി, തോട്ടങ്ങളുടെയും വിളകളുടെയും വിവര ശേഖരണം തുടങ്ങിയവയെക്കുറിച്ചു പഠനം നടത്തും.തോട്ടം ഉടമകൾ, തൊഴിലാളികൾ എന്നിവരുടെ പ്രശ്നങ്ങൾ, വേതന വർധന, വരുമാന ചോർച്ച തടയൽ, തോട്ടങ്ങളിലെ ഇടവിള കൃഷിയുടെ സാധ്യതകൾ, ഇക്കോ ടൂറിസം വഴിയുള്ള വരുമാനം എന്നിവയും വിഷയമാക്കും.