സംസ്ഥാനത്ത് സഹകരണ മേഖലയിൽ നിത്യോപയോഗ സാധനങ്ങളുടെ വിൽപനയ്ക്കായി നാഫെഡ് ബസാറുകളും വളവും കാർഷിക ഉപകരണങ്ങളും വിൽക്കാൻ ഇന്ത്യൻ ഫാം ഫോറസ്ട്രി ഡവലപ്മെന്റ് കോ– ഓപ്പറേറ്റീവ് (ഇഫ്കോ) ബസാറുകളും തുടങ്ങാൻ കേന്ദ്രനീക്കം. എല്ലാ പഞ്ചായത്തുകളിലും കേന്ദ്ര സഹകരണ റജിസ്ട്രാറുടെ കീഴിൽ അഗ്രിക്കൾച്ചർ കോ ഓപ്പറേറ്റീവ് സൊസൈറ്റികൾ തുടങ്ങാനും കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ നിർദേശമുണ്ട്.
സംസ്ഥാനങ്ങളുടെ എൻഒസി വേണ്ടാതെ തന്നെ കേന്ദ്ര സഹകരണ റജിസ്ട്രാറുടെ അനുമതി വാങ്ങി കാർഷിക സഹകരണ സംഘങ്ങൾ തുടങ്ങാനാണ് നീക്കം. കേന്ദ്ര ഏജൻസികൾ കേരളത്തിലെ സഹകരണ സംഘങ്ങളിലെ ഓഡിറ്റിങ്ങിൽ കൊണ്ടുവന്ന കർശന നിബന്ധനകളും സഹകരണ മേഖലയെ ബാധിക്കാനിടയുണ്ട്.കിട്ടാക്കടത്തിനും കുടിശികയുള്ള വായ്പയ്ക്കും തുല്യമായ കരുതൽ ധനം മാറ്റിവയ്ക്കണമെന്നും കിട്ടാക്കടം ബാങ്കിന്റെ ആസ്തി– ലാഭ കണക്കുകളിൽ ഉൾപ്പെടുത്തരുതെന്നും നബാർഡ് നിർദേശിക്കുന്നു.