കഴിഞ്ഞ വർഷം സെപ്റ്റംബറിലാണു സംസ്ഥാനത്ത് ആദ്യമായി സ്വകാര്യ വ്യവസായ പാർക്കുകൾക്കു ഡവലപ്മെന്റ് പെർമിറ്റ് നൽകിയത്. പാലക്കാട്ടും കോട്ടയത്തും മൂന്നു വീതവും, മലപ്പുറം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ രണ്ടു വീതവും, കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓരോന്നു വീതവും പാർക്കുകൾക്ക് ഇതിനകം അനുമതി ലഭിച്ചു. കുറഞ്ഞത് 10 ഏക്കർ സ്ഥലമുണ്ടെങ്കിൽ പാർക്ക് തുടങ്ങാം എന്നതാണു വ്യവസ്ഥ. സ്റ്റാൻഡേഡ് ഡിസൈൻ ഫാക്ടറി മാതൃകയിൽ ബഹുനില മന്ദിരം നിർമിച്ചാണു പാർക്കെങ്കിൽ അഞ്ച് ഏക്കർ മതിയാകും. അനുമതി ലഭിച്ച 15ൽ രണ്ടെണ്ണം എസ്ഡിഎഫ് മാതൃകയിലുള്ളതാണ്.
ഈ വർഷം തന്നെ സംസ്ഥാനത്തു പുതിയ 15 സ്വകാര്യ വ്യവസായ പാർക്കുകൾക്കു കൂടി അനുമതി ലഭിച്ചേക്കും. നിലവിൽ അനുമതി നൽകിയ 15 എണ്ണത്തിനു പുറമേയാണിത്. തൃശൂരിൽ നാലും കോട്ടയത്തു മൂന്നും കണ്ണൂരിൽ രണ്ടും പാർക്കുകൾക്കുള്ള അപേക്ഷകളാണു പരിഗണിക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ, എറണാകുളം, കാസർകോട്, മലപ്പുറം ജില്ലകളിൽ ഓരോന്നു വീതവും തുടങ്ങാനാകും. കഴിഞ്ഞ വർഷം അനുമതി നൽകിയ 15 പാർക്കുകളിൽ ആദ്യത്തേതു 13നു പാലക്കാട്ട് തുറക്കും.
പുതിയതായി പരിഗണിക്കുന്ന 15 അപേക്ഷകളുടെ വിശദ പരിശോധനയ്ക്കായി കൂടുതൽ സമയം ലഭിക്കണമെന്ന വകുപ്പുകളുടെ ആവശ്യം അംഗീകരിച്ച് ഒരു മാസം വകുപ്പുതല പരിശോധനയ്ക്കായി അനുവദിച്ചിട്ടുണ്ട്.