വ്യവസായ സംരംഭങ്ങളാക്കാൻ കഴിയുന്ന പുതിയ ആശയങ്ങൾക്കായി ഡ്രീം ഇൻവെസ്റ്റർ മത്സരവുമായി വ്യവസായ വകുപ്പ്. ഏറ്റവും മികച്ച ആശയത്തിന് 5 ലക്ഷം രൂപ സമ്മാനം നൽകും. തിരഞ്ഞെടുക്കുന്ന ആശയങ്ങൾ ബിസിനസ് മാതൃകയാക്കി മാറ്റാനുള്ള സഹായം വ്യവസായ വകുപ്പ് നൽകുമെന്നു മത്സരം പ്രഖ്യാപിച്ചു മന്ത്രി പി.രാജീവ് അറിയിച്ചു.
അക്കാദമിക സ്ഥാപനങ്ങളും വ്യവസായ മേഖലയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയാണു ലക്ഷ്യം. ഡിസംബർ 23 വരെ www.dreamvestor.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി ആശയങ്ങൾ നൽകാം. തിരഞ്ഞെടുക്കുന്ന 100 ആശയങ്ങൾ ആദ്യ റൗണ്ടിലെത്തും. രണ്ടാം റൗണ്ടിൽ 50 പേരെ ഉൾപ്പെടുത്തും. മൂന്നാം റൗണ്ടിൽ എത്തുക 20 ആശയങ്ങൾ.
മാർച്ച് 1 ന് ഫൈനൽ.രണ്ടാം സമ്മാനം മൂന്നു ലക്ഷം രൂപയും മൂന്നാം സമ്മാനം 2 ലക്ഷവുമാണ്. നാലു മുതൽ 10 വരെ സ്ഥാനങ്ങളിലെത്തുന്നവർക്ക് ഒരു ലക്ഷം രൂപ വീതം ലഭിക്കും. ബാക്കി 10 ആശയങ്ങൾക്ക് 25000 രൂപ വീതമാണു സമ്മാനം. തിരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങൾ നടപ്പിലാക്കാൻ സർക്കാർ ഉടമസ്ഥതയിലുള്ള ഇൻകുബേഷൻ സെന്റർ, മെന്ററിങ്, സീഡ് ഫണ്ട് എന്നിവ നൽകുമെന്നു വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, ഡയറക്ടർ എസ്.ഹരികിഷോർ എന്നിവർ അറിയിച്ചു. വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഭാഗമാക്കി ഈ സംരംഭങ്ങളെ മാറ്റും.